സിംഗപ്പൂരില്‍ ചികിത്സയില്‍ കഴിയുന്ന നടന് രജനീകാന്ത് ഉടന്‍ ആശുപത്രി വിടുമെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ചയോടെ രജനിയ്ക്ക് ആശുപത്രിവിടാനാകുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ആശുപത്രി വിട്ടാലും താരം ഉടന്‍ ഇന്ത്യയിലേയ്ക്ക് മടങ്ങില്ലെന്നാണ് സൂചന. ഇടക്കിടെ വേണ്ടി വരുന്ന പരിശോധനകള്‍ക്കായി ജൂലൈ വരെ രജനി സിംഗപ്പൂരില്‍ തങ്ങിയേയ്ക്കും.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രജനീകാന്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഡയാലിസിസ് നിര്‍ത്തിവച്ചിരുന്നു. വൃക്ക മാറ്റിവയ്ക്കേണ്ടിവരുമെന്ന് ഒരു ഘട്ടത്തില്‍ ആശങ്കപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ആരോഗ്യനില മെച്ചപ്പെടുകയായിരുന്നു.
ആശുപത്രി വിടുന്ന രജനി സിംഗപ്പൂരില്‍ അദ്ദേഹത്തിന്റെ കുടുംബം വാടകയ്ക്ക് എടുത്തിരിക്കുന്ന അപ്പാര്ട്മെന്റിലാവും താമസിക്കുക. ഡോക്ടര്‍മാര്‍ ഏതാനും ആഴ്ചകള്‍ കൂടി രജനിയെ താമസ സ്ഥലത്ത് എത്തി പരിശോധിക്കും.
രജനീ കാന്ത് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ റാണയുടെ ഷൂട്ടിംഗ് ജൂണ്‍ അവസാനത്തോടെ പുനരാരംഭിക്കുമെന്നാണ് അറിയുന്നത്. രജനിയുടെ അഭാവത്തില്‍, മറ്റു താരങ്ങള്‍ ഉള്‍പ്പെടുന്ന രംഗങ്ങളായിരിക്കും ചിത്രീകരിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല