1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2015

സ്വന്തം ലേഖകന്‍: ക്ലാസില്‍ വച്ചുണ്ടായ മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു. അയര്‍ലണ്ടിലെ വിക്ലോ ആഷ്‌ഫോര്‍ഡിലെ നിവാസികളായ ഫോട്ടോഗ്രാഫര്‍ ചെറി മാര്‍ട്ടിന്റേയും ലേപ്പേര്‍ഡ്‌സ് ടൗണ്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആന്‍സിയുടേയും മകനായ മിലന്‍ മാര്‍ട്ടിനാണ് മരിച്ചത്. 15 കാരനായ മിലന്‍ വിക്ല്യിലെ കൊളാസ്‌ക ക്രൈബ സ്‌കൂളിലെ ജൂനിയര്‍ സെര്‍റ്റ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

കഴിഞ്ഞ ചൊവ്വഴ്ചയാണ് മിലന് അപ്രതീക്ഷിതമായി സ്‌കൂളില്‍ വച്ച് മസ്തിഷ്‌ക്കാഘാതം ഉണ്ടായത്. തുടര്‍ന്ന് ഉടന്‍ തന്നെ ബൂമോണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചയോടെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെ നാലു മണിയോടെ ഡോക്ടര്‍മാര്‍ മിലന്റെ മരണം സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച പതിവുപോലെ ക്ലാസിലിരിക്കെ പെട്ടെന്ന് തളര്‍ച്ച തോന്നിയ മിലന്‍ ടീച്ചറെ വിവരമറിയിച്ച ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ക്രംലിന്‍ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷമാണ് മിലനെ ബൂമോണ്ടിലേക്ക് കൊണ്ടുപോയത്. ഇതുവരേയും ഉപകരണങ്ങളുടേ സഹായത്തോടെ മിലന്റെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു.

ചങ്ങനാശേരി കുടപ്പന പോളക്കല്‍ കുടുംബാംഗമാണ് മിലന്‍. മിലന്റെ മാതാവ് ആന്‍സി കാഞ്ഞിരപ്പള്ളി ചിറക്കടവ് ആലപ്പാട്ട് കുടുംബാംഗവും. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ പാട്രിക് ഏക സഹോദരനാണ്.

പിതാവ് മാര്‍ട്ടിന്റെ പാത പിന്തുടര്‍ന്ന് ക്യാമറകളേയും ചിത്രകലയേയും ഏറെ പ്രണയിച്ചിരുന്ന മിലന്‍ ആഘോഷാവസരങ്ങളില്‍ എടുത്ത ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രചാരം നേടുകയും ചെയ്തിരുന്നു. മിലന്റെ ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വിക്ലോ പട്ടണത്തിലെ സെന്റ് പാട്രിക്‌സ് പള്ളിയില്‍ അന്ത്യ ശുശ്രൂഷകള്‍ക്കു ശേഷം റാത്ത് ന്യൂ സിമിത്തേരിയില്‍ നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.