സ്വന്തം ലേഖകന്‍: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്, പരിസ്ഥിതിലോല പ്രദേശങ്ങളുടെ പരിധിയില്‍ വനഭൂമി മാത്രം. പശ്ചിമഘട്ടത്തില്‍ പരിസ്ഥിതിലോല പ്രദേശങ്ങളുടെ (ഇഎസ്എ) പരിധിയില്‍ വനഭൂമിയെ മാത്രം ഉള്‍പ്പെടുത്തുകയെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചു.
കരട് വിജ്ഞാപനത്തിന്റെ കാലാവധി ഈ മാസം ഒന്‍പതിന് അവസാനിക്കുന്നതിനാല്‍ തുടര്‍ നടപടികള്‍ എങ്ങനെ വേണമെന്നു പരിസ്ഥിതി മന്ത്രാലയം നിയമോപദേശം തേടി. കേരളത്തിന്റെ ആവശ്യങ്ങളെക്കുറിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10 നു പുറത്തിറക്കിയ കരട് വിജ്ഞാപനത്തെ അടിസ്ഥാനമാക്കിയാവും തുടര്‍നടപടികള്‍. കേരളത്തിന്റെ 119 വില്ലേജുകളാണു വിജ്ഞാപന പരിധിയിലുള്‍പ്പെടുക. വില്ലേജിനെ മുഴുവനായി ഇഎസ്എയായി കണക്കാക്കാനാവില്ലെന്ന കേരളത്തിന്റെ വാദം മന്ത്രാലയം അംഗീകരിച്ചു. ഒരു വില്ലേജില്‍ തന്നെ ഇഎസ്എയും അല്ലാത്ത പ്രദേശവുമുണ്ടാകും.
പശ്ചിമഘട്ടത്തിലുള്‍പ്പെടുന്ന വനഭൂമിയത്രയും ഇഎസ്എയില്‍ പെടുത്തും. ആള്‍ത്താമസവും കൃഷിയുമില്ലാതെ വനത്തോടു ചേര്‍ന്നുള്ള സര്‍ക്കാര്‍ വക ഭൂമിയും ഇഎസ്എയില്‍ ഉള്‍പ്പെടുത്തും. കരടു വിജ്ഞാപനമിറക്കി 545 ദിവസത്തിനകം അന്തിമ വിജ്ഞാപനം വേണമെന്നു വ്യവസ്ഥയുള്ളതിനാലാണ് ഈ മാസം ഒന്‍പത് എന്ന തീയതി പ്രസക്തമാകുന്നത്. കേരളം, ഗോവ, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങള്‍ പശ്ചിമഘട്ട മേഖലയിലെ നേരിട്ടുള്ള പരിശോധനയുടെ ഫലം ലഭ്യമാക്കിയിട്ടുണ്ട്.
എന്നാല്‍ മഹാരാഷ്ട്രയും തമിഴ്‌നാടും ഇതുവരെയും അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇവ അടുത്ത നാലു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ തന്നെ കേന്ദ്രത്തില്‍നിന്നു നേരിട്ടുള്ള തെളിവെടുപ്പിനും മറ്റും സമയം വേണം. അതിനാല്‍, അന്തിമ വിജ്ഞാപനത്തിനു മൂന്നു മാസത്തെ സമയം വേണ്ടിവരുമെന്നു മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല