സ്വന്തം ലേഖകന്‍: എപിജെ അബ്ദുള്‍ കലാമിന്റെ ജീവിതം ചലച്ചിത്രമാകുന്നു, കലാമായി ഇര്ഫാന് ഖാന്. ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളും മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തില്‍ അവതരിപ്പിക്കും.
250 കോടി രൂപ ചെലവഴിച്ച് ഇംഗ്ലീഷ്, റഷ്യന്‍, ജാപ്പനീസ് ഭാഷകളില്‍ പുറത്തിറക്കുന്ന ദ് സ്ട്രാറ്റജിസ്റ്റ് എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി സംവിധായകന് പ്രശാന്ത് പനമൂട്ടില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബോളിവുഡ് താരം ഇര്ഫാന് ഖാന് ആണ് അബ്ദുള്‍കലാമിന്റെ വേഷത്തിലെത്തുന്നത്.
ഐ.എസ്.ആര്.ഒയുടെ ചെയര്‍മാനായി വിക്രം സാരാഭായ് ചുമതലയേല്‍ക്കുന്നതും ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റിന് രോഹിണി എന്ന പേര് അദ്ദേഹത്തിന്റെ ഭാര്യ മൃണാളിനി നിര്‍ദേശിക്കുന്നതും ഉള്‍പ്പെടെ ഐ.എസ്.ആര്.ഒയുമായി ബന്ധപ്പെട്ടതെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2010 ലാണ് ഇത്തരത്തിലൊരു ചിത്രം എടുക്കുന്നതിന് ഐ.എസ്.ആര്.ഒ അനുമതി നല്‍കിയതെന്നും പ്രശാന്ത് വ്യക്തമാക്കി.
ജോണ്‍പോള്‍, പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യ, ഇംഗ്ലണ്ട്, ജപ്പാന്, റഷ്യ, യു.എസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളുടെ നീണ്ട നിരതന്നെയുണ്ട്. വിക്രമാണ് വിക്രം സാരാഭായ് ആയി വേഷമിടുന്നത്.
അബ്ദുള്‍ കലാമിന്റെ സുഹൃത്തായി സമുദ്രകനിയും എത്തുന്നു. ചിത്രത്തില്‍ ക്ലാസിക്കല്‍ ഡാന്‍സിനും സംഗീതത്തിനും ആത്മീയതക്കും കലയ്ക്കും ശാസ്ത്രത്തിനും തത്വചിന്തയ്ക്കും ഒരേ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നതെന്നും സംവിധായകന് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല