ബിനോയി കിഴക്കനടി
ഷിക്കാഗോ: സെപ്റ്റംബര്‍ 12 ശനിയാഴ്ച ഷിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന പ്രഥമ ക്‌നാനായ ഫൊറോനാ ബൈബിള്‍ കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിക്കുന്നു. ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനായുടെ കീഴിലുള്ള വിവിധ ഇടവകളുടേയും മിഷനുകളുടേയും കലാകാരന്മാരും, കലാകാരികളും വിവിധ ഇനങ്ങളില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ തയ്യാറായികഴിഞ്ഞു. മികച്ച ജനപങ്കാളിത്തം കൊണ്ടും സംഘാടനാ പാടവം കൊണ്ടും, കലാമൂല്യമുള്ള അവതരണ ശൈലികൊണ്ടും, ഈ യുവജനോത്സവം ഏറെ നിലവാരം പുലര്‍ത്തുന്ന ഒന്നായിരിക്കുമെന്ന് കണ്‍വീനര്‍ ജൊസ്സീനാ ചെരുവില്‍ അഭിപ്രായപ്പെട്ടു.
മൂന്ന് സ്റ്റേജുകളിലായി ഏതാണ്ട് 5 മണിക്കൂര്‍ നീണ്ടുനില്‍കുന്ന യുവജനോത്സവത്തില്‍ വിവിധ പ്രായത്തിലുള്ള ആളുകള്‍ വിവിധങ്ങളായ മത്സരങ്ങളില്‍ പങ്കെടുക്കുന്നു. അന്നേ ദിവസം രാവിലെ 9 മണിക്ക് അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന വിശുദ്ധ ബലിയോടൊപ്പം ഏഞ്ചല്‍സ് മീറ്റ്, ജൂബിലി ദമ്പതികളെ ആദരിക്കുന്ന ചടങ്ങുകള്‍ എന്നിവ നടത്തപ്പെടുന്നു. തുടര്‍ന്ന് നടക്കുന്ന ഉത്ഘാടനസമ്മേളനത്തേതുടര്‍ന്ന് യുവജനോല്‍സവം ആരഭിക്കുന്നതും, വൈകുന്നേരം 4.45 ന് അവസാനിക്കുന്നതുമാണ്. തുടര്‍ന്ന് ആരാധനയും പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെടും.
വൈകുന്നേരം 5.30 ന് നടത്തപ്പെടുന്ന സമാപന സമ്മേളനത്തില്‍ വെച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതുമാണ്. തുടര്‍ന്ന് വിവിധ ഇടവകളുടേയും മിഷനുകളുടേയും ആഭിമുഖ്യത്തില്‍ 2 മണീക്കൂര്‍ നീണ്ടുനില്കുന്ന കലാസന്ധ്യയും, തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. റ്റെസ്സി ഞാറവേലില്‍, അജിമോള്‍ പുത്തെന്‍പുരയില്‍, എന്നിവര്‍ രജിസ്‌ട്രേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്ര്യുത്വം നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല