സ്വന്തം ലേഖകന്‍: ബാഗ്ലൂര്‍ വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് ഭീഷണി, അന്വേഷിച്ചു ചെന്ന പോലീസ് കണ്ടെത്തിയത് പ്രതിയുടെ ഭാര്യയുടെ കൊലപാതകം. വിമാനത്താവളത്തിലേക്ക് വ്യാജബോംബ് ഭീഷണി സന്ദേശമയച്ച് പിടിയിലായ തൃശ്ശൂര്‍ സ്വദേശി എം.ജി. ഗോകുല്‍ എന്നയാളാണ് സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയത്.
കഴിഞ്ഞ ജൂലായ് 29 ന് രാത്രി എച്ച്.എസ്.ആര്‍. ലേ ഔട്ടിലെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ഭാര്യ കൊല്‍ക്കത്ത സ്വദേശിനി അനുരാധയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഗോകുല്‍ ചോദ്യം ചെയ്യലിനിടയിലാണ് പോലീസിനോട് വെളിപ്പെടുത്തിയത്. നേരത്തേ ഇത് അസ്വാഭാവിക മരണമായി പോലീസ് എഴുതിത്തള്ളിയിരുന്നു.
തൃശ്ശൂരില്‍ ജനിച്ച് ഡല്‍ഹിയില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കിയ ഗോകുല്‍ ആറുവര്‍ഷം മുന്‍പാണ് കൊല്‍ക്കത്ത സ്വദേശിനിയായ അനുരാധയെ വിവാഹം ചെയ്തത്. ജോലി ആവശ്യത്തിനായി ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. ലോഹം കൊണ്ടുള്ള ഗണേശ വിഗ്രഹമുപയോഗിച്ച് തലക്കടിച്ചാണ് അനുവിനെ കൊലപ്പെടുത്തിയത്. ഭാര്യ മേശയില്‍ തലയിടിച്ചുവീണ് മരിച്ചെന്ന് ബന്ധുക്കളെയും പോലീസിനെയും വിളിച്ചറിയിച്ചു.
പോലീസ് ഗോകുലിനെ ചോദ്യം ചെയ്‌തെങ്കിലും മുന്‍ ജാര്‍ഖണ്ഡ് എസ്.പി. കൂടിയായ അനുവിന്റെ പിതാവിനുണ്ടായിരുന്ന ബന്ധം ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ബോംബു കേസില്‍ പിടിയിലായതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന ചോദ്യം ചെയ്യലിനൊടുവില്‍ ഗോകുല്‍ കൊലപാതക വിവരവും വെളിപ്പെടുത്തുകയായിരുന്നു.
ഭാര്യയുടെ ദുര്‍നടപ്പാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന ഗോകുലിന്റെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. വ്യാജ ബോംബ് സന്ദേശമയച്ച കേസില്‍ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് സംഘവും ഗോകുലിനെ ചോദ്യംചെയ്യും.
ശനിയാഴ്ച വെളുപ്പിനാണ് ബെംഗളൂരു വിമാനത്താവളത്തിലെ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് ഗോകുല്‍ വാട്ട്‌സ് ആപ്പിലൂടെ വ്യാജ ബോംബ് ഭീഷണി അയച്ചത്. തൊട്ടടുത്ത അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സുഹൃത്തും മലയാളിയുമായ ഐ.ടി. ജീവനക്കാരന്റെ തിരിച്ചറിയല്‍കാര്‍ഡും ചിത്രവും ഉപയോഗിച്ച് സിം വാങ്ങി അതുപയോഗിച്ചാണ് സന്ദേശമയച്ചത്. സുഹൃത്തിനെ ജയിലഴിക്കുള്ളിലാക്കി അയാളുടെ ഭാര്യയെ സ്വന്തമാക്കാനായിരുന്നു പദ്ധതിയെന്ന് ഗോകുല്‍ പിന്നീട് വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല