വാല്‍സിങ്ങം: സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ യു കെ തലത്തില്‍ നടത്തപ്പെടുന്ന അഞ്ചാമത് വാല്‍സിങ്ങാം തീര്‍ത്ഥാടനം അല്മായ കമ്മീഷന് ചെയര്‍മാനും കാഞ്ഞിരപ്പള്ളിരൂപതയുടെ അഭിവന്ദ്യ പിതാവുമായ മാര്‍ മാത്യു അറയ്ക്കല്‍ പിതാവ് നയിക്കും. യു കെയിലെ ലൂര്‍ദ്ദില്‍ നടത്തപ്പെടുന്ന തീര്‍ത്ഥാടനത്തില്‍ നിരവധി മരിയ ഭക്തരാണ് ഭക്തിപുരസ്സരം പങ്കെടുക്കുവാറുള്ളത്. ഈ വര്‍ഷം പ്രതീക്ഷിക്കപ്പെടുന്ന ആയിരങ്ങള്‍ക്ക് വേണ്ട പ്രാഥമിക സൗകര്യവും പള്ളി അലങ്കാരവും തീര്ത്ഥാടനക്രമീകരണങ്ങളും ട്രാഫിക് നിയന്ത്രണവും ശുശ്രൂഷകള്‍ക്കും മറ്റുമായി വന്‍ സന്നാഹമാണ് ഈസ്റ്റ് ആംഗ്ലിയയിലെ ചാപ്ലിനും മുഖ്യ സംഘാടകനുമായ ഫാ.മാത്യു ജോര്‍ജ് വണ്ടാനക്കുന്നേലിന്റെ നേതൃത്വത്തില്‍ ക്രമീകരിച്ചുവരുന്നത്.
ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്ന ഇപ്സ്വിച്ച് കേരള കാത്തലിക് കമ്മ്യൂണിറ്റി ഇതിനായി വലിയ തയ്യാറെടുപ്പിലാണ്.
വാല്‍സിങ്ങാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള ചാപ്പലില്‍നിന്നും ആരംഭിക്കുന്ന തീര്‍ത്ഥാടനം ജപമാല എത്തിച്ചും മരിയ ഭക്തിഗീതങ്ങള്‍ ആലപിച്ചും ഗാനശുശ്രൂഷകള്‍ നടത്തിയും വാദ്യമേളത്തിന്റെയും വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും അകമ്പടിയോടെ;വാല്‍സിങ്ങാം മാതാവിന്റെ തിരുസ്വരൂപം അലങ്കരിച്ച രൂപക്കൂട്ടില്‍ വഹിച്ചുകൊണ്ട് തീര്‍ത്ഥയാത്ര നടത്തി വാല്‍സിങ്ങാം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേരും
ഏറ്റവും വലിയ മധ്യസ്ഥയായ പരിശുദ്ധ അമ്മയുടെ സംരക്ഷണവും നിരവധിയായ അനുഗ്രഹങ്ങളും ലഭിക്കുന്ന വാല്‍സിങ്ങാം തീര്‍ത്ഥാടനം സീറോ മലബാര്‍ സഭയുടെ ഏറ്റവും സുപ്രധാനമായ ഒരു ചടങ്ങായി മാറിക്കഴിഞ്ഞു.
വാല്‍സിങ്ങാം തീര്‍ത്ഥാടനത്തില്‍ പങ്കുകൊണ്ട് മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും സമാധാനവും, ഐശ്വര്യവും നിറഞ്ഞ കുടുംബജീവിതത്തിനിടയാവുന്നതിനും എല്ലാ മരിയ ഭക്തരെയും സസ്നേഹം തീര്‍ത്ഥാടനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി തീര്‍ത്ഥാടനത്തിന്റെ ആസൂത്രികനും സംഘാടകനുമായ റവ:ഫാ.മത്യു വണ്ടാനക്കുന്നേല്‍ അറിയിച്ചു.
Fr.mathew George- 07939920844
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല