സ്വന്തം ലേഖകന്‍: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഉതുപ്പ് ഇന്ത്യയിലില്ലാത്തതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച സിബിഐ നടപടിയാണ് ഇന്ത്യയിലെത്തുന്നതിന് തടസമെന്ന് ഉതുപ്പ് മനോരമ ന്യൂസിനോട് പറഞ്ഞു. അല്‍ സറഫ എത്തിച്ച ഉദ്യോഗാര്‍ഥികളുടെ ഭാവിയെ കരുതിയാണ് കുവൈത്തില്‍ തുടരുന്നത്. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സിനെതിരായ ഗൂഢാലോചനയാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്ന് സംശയിക്കാമെന്നും ഉതുപ്പ് വ്യക്തമാക്കി.
ബിസിനസ് രംഗത്തെ ശത്രുതയാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നിലെന്ന് ഉതുപ്പ് വര്‍ഗീസ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ഇന്ത്യയിലേക്ക് വരാനും അന്വേഷണം നേരിടാനും തയ്യാറാണ്. എന്നാല്‍ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് ഉള്ളതിനാല്‍ വിമാനത്താവളത്തില്‍നിന്നുതന്നെ അറസ്റ്റിലാകാന്‍ സാധ്യതയുണ്ട്.
1200 നഴ്‌സുമാരെ താന്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും അവരില്‍ ആരും തനിക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്നും ഉതുപ്പ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. പരാതി ഇല്ലാത്തതിനാല്‍ ജാമ്യം നല്‍കണമെന്നും ഉതുപ്പ് ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായി റിക്രൂട്ട്‌മെന്റ് നടത്തിയിട്ടില്ല. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സിനെതിരായ ഗൂഢാലോചനയാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്ന് സംശയിക്കാമെന്നും ഉതുപ്പു വര്‍ഗീസ് പറഞ്ഞു. സമാനമായി റിക്രൂട്ട്‌മെന്റ് നടത്തുന്ന കമ്പനികള്‍ക്കെതിരെ കേസും പരാതിയും ഉയരാത്തത് ഇക്കാരണത്താലാണ്. ആരോപണം ഉന്നയിക്കുന്നവര്‍ അത് തെളിയിക്കണമെന്നും ഉതുപ്പ് വര്‍ഗീസ് ആവശ്യപ്പെട്ടു.
നഴ്‌സിങ് റിക്രൂട്‌മെന്റ് സ്ഥാപനമായ അല്‍ സറാഫയുടെ കൊച്ചി ഓഫിസിന്റെ നടത്തിപ്പുകാരനായിരുന്ന ഉതുപ്പ് വര്‍ഗീസ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു വേണ്ടി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാര്‍ നേടി വന്‍ തട്ടിപ്പു നടത്തിയെന്നാണ് കേസ്. ഒരാളെ റിക്രൂട്ട് ചെയ്യാന്‍ 19,500 രൂപ സര്‍വീസ് ചാര്‍ജ് ഇടാക്കാനുള്ള കരാറാണ് ലഭിച്ചിരുന്നതെങ്കിലും തിരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാരില്‍ നിന്ന് 19.50 ലക്ഷം രൂപയാണ് ഇയാള്‍ വാങ്ങിയിരുന്നത്.
ഇപ്രകാരം 300 കോടി രൂപ അനധികൃതമായി സമ്പാദിച്ച ഉതുപ്പ് ഇതില്‍ 200 കോടി രൂപ കുഴല്‍പണമായി വിദേശത്തേക്കു കടത്തിയതായി സിബിഐ കണ്ടെത്തിയിരുന്നു. ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നു രാജ്യം വിട്ടുപോകാതിരിക്കാന്‍ യുഎഇ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല