സ്വന്തം ലേഖകന്‍: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പ്, വോട്ടര്‍ പട്ടികയായി, ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്. നവംബറില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പ്പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പ്രസിദ്ധീകരിച്ചു. സംസ്ഥാനത്താകെ 2,49,88,498 വോട്ടര്‍മാരുണ്ട്. ഇതില്‍ 1,29,81,301 പേര് സ്ത്രീകളും 1,20,07,115 പേര് പുരുഷന്മാരുമാണ്. ഇത്തവണ ആദ്യമായി ഭിന്നലിംഗക്കാരെയും പ്രത്യേകമായി വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭിന്നലൈംഗികാവസ്ഥ വെളിപ്പെടുത്തി 82 പേരാണ് വോട്ടവകാശം നേടിയത്.
ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയിലാണ്. കുറവ് വയനാട്ടിലും. മലപ്പുറത്തെ 28,76,835 പേരില്‍ 14,64,309 പേര് സ്ത്രീകളും 14,12,517 പേര് പുരുഷന്മാരുമാണ്. വയനാട്ടിലെ 5,71,392 പേരില്‍ 2,90.167 പേര് സ്ത്രീകളും 2,81,224 പേര് പുരുഷന്മാരുമാണ്. എല്ലാ ജില്ലകളിലും സ്ത്രീകളാണ് കൂടുതല്‍.
ഭിന്നലൈംഗികത വെളിപ്പെടുത്തിയവര്‍ എറണാകുളത്താണ് കൂടുതല്‍, 18 പേര്. തൃശ്ശൂരില്‍ 13 പേരുണ്ട്. പത്തനംതിട്ടയില്‍നിന്ന് ഈ വിഭാഗത്തില്‍ വോട്ടര്പ്പട്ടികില് ആരുമില്ല. മറ്റ് ജില്ലകളിലെ എണ്ണംതിരുവനന്തപുരം(8), കൊല്ലം(7), ആലപ്പുഴ(3), കോട്ടയം(3), ഇടുക്കി(2), പാലക്കാട്(9), മലപ്പുറം(9), കോഴിക്കോട്(4), വയനാട്(1), കണ്ണൂര്‍(4), കാസര്‍കോട്(1). വോട്ടവകാശത്തിന് അപേക്ഷിക്കുമ്പോള്‍ സ്ത്രീ, പുരുഷന് എന്നിവയ്ക്ക് പുറമേ ട്രാന്‍സ് ജെന്‍ഡര്‍ (ഭിന്ന ലൈംഗികര്‍) ആണെങ്കില്‍ അതും രേഖപ്പെടുത്താന്‍ ഇത്തവണ അവസരം നല്‍കിയിരുന്നു.
2015 ജനവരി ഒന്നിന് 18 തികഞ്ഞവര്‍ക്ക് മാത്രമേ വോട്ടവകാശമുണ്ടാവൂ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഈ യോഗ്യതാ തീയതി അടിസ്ഥാനമാക്കി തയ്യാറാക്കിയ വോട്ടര്‍പ്പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ പുനഃക്രമീകരിച്ചാണ് കരട് പട്ടിക തയ്യാറാക്കിയത്. അഞ്ചുലക്ഷത്തോളം പുതിയ വോട്ടര്‍മാരെ ഇതില്‍ ഉള്‍പ്പെടുത്തി.
നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവാസാന തീയതിക്ക് പത്തുദിവസം മുമ്പ് വരെ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം. അതിനാല്‍ ഇപ്പോഴുള്ളതിലും രണ്ട്, രണ്ടര ലക്ഷം വോട്ടര്‍മാര്‍ കൂടി ഇനിയും പട്ടികയില്‍ ഉള്‍പ്പെടാനുള്ള സാധ്യതയുണ്ട്. വോട്ടര്‍മാരുടെ എണ്ണം രണ്ടരക്കോടി കവിയുന്ന ആദ്യ തിരഞ്ഞെടുപ്പാവും നവംബറിലെ തദ്ദേശ തിരഞ്ഞെടുപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല