സ്വന്തം ലേഖകന്‍: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, മോദിക്കും നിതീഷ് കുമാറിനും നിര്‍ണായക പോരാട്ടം. അഞ്ചു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഒക്ടോബര്‍ 12, ഒക്ടോബര്‍ 16, ഒക്ടോബര്‍ 28, നവംബര്‍ ഒന്ന്, നവംബര്‍ അഞ്ച് എന്നിങ്ങനെയാണ് അഞ്ച് ഘട്ടങ്ങള്‍. വോട്ടെണ്ണല്‍ നവംബര്‍ എട്ടിന് നടക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
243 അംഗ നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 47 മണ്ഡലങ്ങള്‍ മാവോയിസ്റ്റ് ബാധിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി. മുഴുവന്‍ ബൂത്തുകളുടെയും സുരക്ഷ കേന്ദ്ര സേനയ്ക്കായിരിക്കും. വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളും ചേര്‍ക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. കഴിഞ്ഞ തവണ ആറു ഘട്ടങ്ങളിലായാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.
ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിനെതിരെ ജെഡിയു ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യമാണ് മല്‍സരിക്കുന്നത്. 100 സീറ്റുകളില്‍ വീതം ജെഡിയുവും ആര്‍ജെഡിയും കോണ്‍ഗ്രസ് 40 സീറ്റുകളിലേക്കുമാണ് മല്‍സരിക്കുന്നത്. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മൂന്നു പാര്‍ട്ടികളും തമ്മില്‍ സീറ്റ് ധാരണയായത്.
എന്നാല്‍ സീറ്റ് വിഭജനത്തില്‍ പ്രതിഷേധിച്ച് മുലായം സിങ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടി ഇടഞ്ഞു നില്‍ക്കുന്നത് വിശാല സഖ്യത്തിന് തിരിച്ചടിയാണ്. മുലായത്തിനെ അനുനയിപ്പിക്കാന്‍ ലാലു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെപ്പോലും പ്രഖ്യാപിക്കാതെയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല