സ്വന്തം ലേഖകന്‍: ഇന്ത്യന്‍ റയില്‍വേയുടെ മുഖം മിനുക്കാനൊരുങ്ങി ജപ്പാന്, അതിവേഗ റയിലിനും സഹായം. കൂടാതെ അപകടരഹിത ഗതാഗതം സാധ്യമാക്കാനും ജലം വേണ്ടാത്ത അത്യാധുനിക ശൗചാലയങ്ങള്‍ സ്ഥാപിക്കാനും ജപ്പാന് സാങ്കേതിക സഹായം നല്‍കും. അതിവേഗ റയില്‍വേയുടെ നടത്തിപ്പിനാവശ്യമായ സംവിധാനം സ്ഥാപിക്കാനാണ് ജപ്പാന് സാങ്കേതിക വിദഗ്ദരുടെ സേവനം പ്രധാനമായും ഉപയോഗപ്പെടുത്തുക.
ജപ്പാനില്‍ നിന്നുള്ള വിദഗ്ധ സംഘം താമസിയാതെ ഇന്ത്യയിലെത്തും. റയില്‍വേ വികസനം സംബന്ധിച്ചു റയില്‍വേമന്ത്രി സുരേഷ് പ്രഭു ജപ്പാന് അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ ഫലമാണ് പുതിയ തീരുമാനം. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ടോരോ അസോ തുടങ്ങി വിവിധ മന്ത്രിമാരെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും അദ്ദേഹം കണ്ടു.
ഇന്ത്യന്‍ റയില്‍വേയുടെ ആധുനികീകരണം, സാങ്കേതിക സംവിധാനങ്ങളുടെ നിലവാരമുയര്‍ത്തല്‍ തുടങ്ങിയ നടത്തുന്നതിനായി ജപ്പാന് റയില്‍വേയുടെയും ജപ്പാനിലെ വിവിധ കമ്പനികളുടെയും പങ്കാളിത്തം സംബന്ധിച്ചായിരുന്നു ചര്‍ച്ചകള്‍. റയില്‍വേയിലെ നിക്ഷേപസാധ്യതകള്‍ ബോധ്യപ്പെടുത്താന്‍ വിവിധ ധനകാര്യസ്ഥാപനങ്ങളുമായും അദ്ദേഹം ചര്‍ച്ച നടത്തി. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ റയില്‍വേ 14,000 കോടി ഡോളറിന്റെ വികസനപരിപാടികളാണ് നടത്തുക. സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്നതിനായി 400 റയില്‍വേ സ്റ്റേഷനുകള്‍ തിരഞ്ഞെടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല