സ്വന്തം ലേഖകന്‍: സ്വര്‍ണം പണമാക്കി മാറ്റല്‍ പദ്ധതി വരുന്നു, ഒപ്പം സ്വര്‍ണ ബോണ്ടും, കെട്ടിക്കിടക്കുന്ന സ്വര്‍ണം പണമാക്കി മാറ്റാം. സ്വര്‍ണബോണ്ട്, സ്വര്‍ണം പണമാക്കല്‍ പദ്ധതികള്‍ തുടങ്ങാന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്കി. ഉപയോഗമില്ലാതെ കിടക്കുന്ന സ്വര്‍ണം പുറത്തുകൊണ്ടുവരുകയും സ്വര്‍ണത്തിന്റെ ഇറക്കുമതി കുറക്കുകയുമാണ് പുതിയ പദ്ധതികളുടെ ലക്ഷ്യം.
രണ്ടുപദ്ധതികളും സുരക്ഷിതവും ലാഭകരവുമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ പൊതുബജറ്റില്‍ നടത്തിയ പ്രഖ്യാപനത്തിന് തുടര്‍ച്ചയാണ് തീരുമാനം. സ്വര്‍ണബോണ്ട് പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാറിന്റെയും റിസര്‍വ് ബാങ്കിന്റെയും ഉത്തരവാദിത്വത്തില്‍ സ്വര്‍ണ ബോണ്ടുകള്‍ പുറപ്പെടുവിക്കും. 5, 10, 50, 100 ഗ്രാമിന്റെ ബോണ്ടുകള്‍ പുറത്തിറക്കും. ബോണ്ടുകളില്‍ സ്വര്‍ണത്തിന്റെ അളവ് ഗ്രാമില്‍ രേഖപ്പെടുത്തിയിരിക്കും. ഒരുവര്‍ഷം ഒരാള്‍ക്ക് പരമാവധി 500 ഗ്രാം സ്വര്‍ണത്തിന്റെ ബോണ്ട് വാങ്ങാന്‍ കഴിയും.
ചുരുങ്ങിയത് അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെയാണ് നിക്ഷേപ കാലാവധി. ബോണ്ടുകളിലൂടെ ലഭിക്കുന്ന പണവും ചെറിയ പലിശയും പ്രത്യേക ‘സ്വര്‍ണ റിസര്‍വ് ഫണ്ട്’ വഴിയായിരിക്കും കൈകാര്യം ചെയ്യുക.
സ്വര്‍ണം പണമാക്കി മാറ്റല്‍ പദ്ധതി പ്രകാരം വീടുകളിലും ട്രസ്റ്റുകളിലും വിവിധ സ്ഥാപനങ്ങളിലും മറ്റും ഉപയോഗമില്ലാതെ കിടക്കുന്ന സ്വര്‍ണം പണമാക്കി മാറ്റാം. നിലവിലെ ‘ഗോള്‍ഡ് ഡെപ്പോസിറ്റ് സ്കീം (ജി.ഡി.എസ്), ‘ഗോള്‍ഡ് മെറ്റല്‍ ലോണ്‍ സ്കീം’ (ജി.എം.എല്‍.) എന്നിവ പരിഷ്കരിച്ച് ‘ഗോള്‍ഡ് മോണിറ്റൈസേഷന് സ്കീം’ (ജി.എം.എസ്) എന്ന പേരിലാണ് പദ്ധതി അറിയപ്പെടുക.
ഇതനുസരിച്ച് ഇടപാടുകാര്‍ക്ക് സ്വര്‍ണ നിക്ഷേപ അക്കൗണ്ടുകള്‍ തുറന്ന് സ്വര്‍ണാഭരണങ്ങളും മറ്റും ഒരു നിശ്ചിത കാലാവധിക്ക് നിക്ഷേപിക്കാം. സ്വര്‍ണഗ്രാമിന്റെ അടിസ്ഥാനത്തിലായിരിക്കും അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുക. കാലാവധി കഴിയുമ്പോള്‍ നിക്ഷേപവും പലിശയും പണമായി ലഭിക്കും. നിക്ഷേപ കാലവധി 13 വര്‍ഷം, 57 വര്‍ഷം, 1215 വര്‍ഷം എന്നിങ്ങനെയാണ്. ബാങ്കുകളിലെ സ്ഥിര നിക്ഷേപം പോലെ കാലാവധിക്കു മുമ്പ് അത് വീണ്ടെടുക്കുന്നതിന് പിഴ നല്‍കണം. നിക്ഷേപത്തിനു മേല്‍ ലഭിക്കുന്ന പലിശയ്ക്ക് നികുതി ഇളവും ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല