1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2015

സ്വന്തം ലേഖകന്‍: കന്നട എഴുത്തുകാരന്റെ കൊലപാതകം, പോലീസ് ഇരുട്ടില്‍ തപ്പുന്നു, കര്‍ണാടകയില്‍ പ്രതിഷേധം ശക്തം. പ്രശസ്ത കന്നട പുരോഗമന സാഹിത്യകാരന്‍ കല്‍ബുര്‍ഗി ഇക്കഴിഞ്ഞ ആഗസ്ത് 31 നാണ് ധാര്‍വാഡിലെ കല്യാണ്‍ നഗറിലെ വസതിയില്‍ കൊലചെയ്യപ്പെട്ടത്. ആക്രമികള്‍ അദ്ദേഹത്തെ സ്വന്തം വീട്ടില്‍ വെടിവച്ചിടുകയായിരുന്നു.

സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച് പോലീസിന് വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ എഴുത്തുകാര്‍ പ്രതിഷേധം ശക്തമാക്കി. പ്രമുഖ കന്നട എഴുത്തുകാരന്‍ പ്രൊഫ. ചന്ദ്ര ശേഖര്‍ പാട്ടീല്‍ പമ്പ പുരസ്‌കാരം തിരിച്ചുനല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെ ആറ് എഴുത്തുകാര്‍ കൂടി തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുമെന്ന് അറിയിച്ചു. ബെംഗളൂരു ബി.എം.ടി.സി.യുടെ അരലു മല്ലികെ അവാര്‍ഡ് ലഭിച്ച വീരണ്ണ മഡിവാള്‍ (ബെലഗാവി) സതീഷ് ജാവരെ ഗൗഡ (മാണ്ഡ്യ) സംഗമേഷ്, ഹനുമന്ത ഹലഗേരി, ശ്രീദേവി അലൂര്‍, ചിദാനന്ദ് സാലി എന്നിവരാണ് പുരസ്‌കാരം തിരിച്ചുനല്‍കുന്നത്. നേരത്തേ ഹിന്ദി എഴുത്തുകാരന്‍ ഉദയ് പ്രകാശ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ച് നല്‍കുമെന്ന് അറിയിച്ചിരുന്നു.

കേസ് സി.ബി.ഐ.ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും സി.ഐ.ഡി.യാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. സി.ബി. ഐ.ക്ക് വിടുന്നകാര്യം പുനഃപരിശോധിക്കുമെന്ന് അഭ്യന്തരമന്ത്രി കെ. ജെ. ജോര്‍ജ് പറഞ്ഞു. മഹാരാഷ്ട്രയില്‍ സമാനരീതിയില്‍ കൊല്ലപ്പെട്ട സി.പി.ഐ. നേതാവ് ഗോവിന്ദ് പന്‍സാരെയുടെ മകള്‍ സി.ബി. ഐ.ക്ക് വിടുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

അതിനിടെ കന്നഡ സാഹിത്യകാരന്‍ കെ.എസ് ഭഗവാന് തപാലില്‍ ഭീഷണിക്കത്ത് ലഭിച്ചു. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കി. അദ്ദേഹത്തിന്റെ മൈസൂരിലെ വീടിന് പോലീസ് കാവലേര്‍പ്പെടുത്തി. തീവ്രഹിന്ദുത്വ സംഘടനകളുടെ ഭീഷണി നേരിടുന്ന സാഹിത്യകാരനാണ് ഭഗവാന്‍.

നേരത്തെ കല്‍ബുര്‍ഗി വെടിയേറ്റുമരിച്ച ശേഷം ബജ്‌റംഗ്ദള്‍ നേതാവ് ബുവിത് ഷെട്ടി ഭഗവാനെ ലക്ഷ്യംവെച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത് വിവാദമായിരുന്നു. ഹൈന്ദവ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നായിരുന്നു പോസ്റ്റിന്റെ ചുരുക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.