ഈ വര്‍ഷം മാര്‍ച്ചു മാസം വരെ ബ്രിട്ടണില്‍ തീവ്രവാദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തവരുടെ എണ്ണം 299 ആയി. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 31 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. 2001ല്‍ അധികൃതര്‍ വിവരശേഖരണം തുടങ്ങിയത് മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതിന് മുന്‍പ് ഏറ്റവും കൂടുതല്‍ ആളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടത് 2005ലായിരുന്നു. ജൂലൈ ഏഴ് ബോംബിംഗിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ അറസ്റ്റുകളെല്ലാം.
ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനം ബ്രിട്ടണില്‍ വര്‍ദ്ധിച്ചു വരികയാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ബ്രിട്ടണില്‍ ഏറ്റവും അധികം പരിശോധനകള്‍ നടന്നതും അറസ്റ്റുകള്‍ രേഖപ്പെടുത്തിയതും. അവസാന മൂന്നു മാസത്തിനിടെ മാത്രം 106 പേരെ തീവ്രവാദ ബന്ധം സംശയിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ തീവ്രവാദ വിരുദ്ധ പൊലീസിന്റെ കസ്റ്റഡിയില്‍ സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്തവരുമുണ്ടെന്നാണ് ഹോം ഓഫീസ് രേഖകള്‍ സൂചിപ്പിക്കുന്നത്.
രാജ്യം നേടുന്ന സുരക്ഷാ വെല്ലുവിളിയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും സര്‍ക്കാരിന് ചെയ്ത് തീര്‍ക്കാനുള്ളത് വലിയ ദൗത്യമാണെന്നും സെക്യൂരിറ്റി മിനിസ്റ്റര്‍ ജോണ്‍ ഹെയ്‌സ് പറഞ്ഞു. ഇത്രയും വലിയ ഭീഷണി രാജ്യത്ത് നിലനില്‍ക്കുമ്പോഴും അപകടങ്ങളുണ്ടാകാതെ രാജ്യത്തെ കാത്ത് സൂക്ഷിക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ട് എന്നത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നവരില്‍ 78 ശതമാനം ആളുകളും ബ്രിട്ടീഷ് പൗരത്വമുള്ള ആളുകളാണ്. മുന്‍ വര്‍ഷങ്ങളിലെ കണക്കുകളില്‍ ഇത് 50 ശതമാനത്തിന് അടുത്ത് മാത്രമായിരുന്നു. ഇതാണ് ഇപ്പോള്‍ 30 ശതമാനത്തോളം വര്‍ദ്ധിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല