അഭയാര്‍ത്ഥികളെ ചവിട്ടി വീഴ്ത്തിയതിനെതുടര്‍ന്ന് ജോലി നഷ്ടമായ ഹംഗേറിയന്‍ മാധ്യമ പ്രവര്‍ത്തക പെട്ര ലാസ്‌ലോ വിശദീകരണവുമായി രംഗത്ത്. ഈ സംഭവം വിവാദമായിട്ട് കുറച്ചു ദിവസങ്ങളായെങ്കിലും ഇപ്പോള്‍ മാത്രമാണ് ഇവരുടെ ഭാഗത്ത്‌നിന്നും വിശദീകരണമുണ്ടായിരിക്കുന്നത്. അഭയാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് ഇടയില്‍ താന്‍ ഭയന്നുപോയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് വിശദീകരണത്തില്‍ യുവതി പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കണ്ടപ്പോള്‍ മാത്രമാണ് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് തിരിച്ചറിഞ്ഞതെന്ന് പെട്ര പറഞ്ഞു. താനൊരു ഹൃദയമില്ലാത്ത സ്ത്രീയല്ല. അഭയാര്‍ത്ഥികള്‍ തനിക്കുനേരെ ഓടിയെത്തിയപ്പോള്‍ ഭയന്നുപോയി. ഇതിനിടയില്‍ ആരോ തന്റെ തലയില്‍തട്ടി. തന്റെകയ്യില്‍ ഈ സമയം ക്യാമറയുണ്ടായിരുന്നതിനാല്‍ ആളെ കണ്ടില്ല. ഇതോടെ ആക്രമണത്തിന് ഇരയാകുമെന്ന ഭയത്തെ തുടര്‍ന്ന് താന്‍ പ്രതികരിക്കുകയായിരുന്നു. ആ സാഹചര്യത്തില്‍ ആരും ഇങ്ങനയെ പ്രതികരിക്കുകയുള്ളുവെന്നും മാധ്യമ പ്രവര്‍ത്തക പറയുന്നു.
നിലവില്‍ രാഷ്ട്രീയവും അല്ലാത്തതുമായി നിരവധി ഭീഷണികളാണ് തനിക്ക് ലഭിക്കുന്നത്. താനൊരു തൊഴിലില്ലാത്ത സ്ത്രീയാണെന്നും, ഒരു കുഞ്ഞു കുട്ടിയുടെ അമ്മയാണെന്നും അവര്‍ പരാതി പറയുന്നു.
സെര്‍ബിയയില്‍ റോസ്‌കെയില്‍ ലാസ്‌ലോ അഭയാര്‍ത്ഥികളെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. തനിക്കുനേരെ ഓടിവന്ന അഭയാര്‍ത്ഥിയെയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മറ്റൊരു അഭയാര്‍ത്ഥിയെയും യുവതി ചവിട്ടി വീഴ്ത്തുന്നത് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ദൃശ്യങ്ങള്‍ വിവാദമായതോടെ യുവതിയെ ചാനല്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല