അലക്സ് വര്‍ഗീസ്
ഷൂസ്ബറി രൂപതയില്‍ സെന്റ് മേരീസ് ക്നാനായ ചാപ്ലയന്‍സിയില്‍ സെന്റ് ജോണ്‍ പോള്‍ രണ്ടാമന്റെ നാമത്തില്‍ മതബോധന ക്ലാസുകള്‍ ഔദ്യോഗികമായി ആരംഭിച്ചു. ഒന്നാം വര്‍ഷം മുതല്‍ പത്ത് വരെയും, കോളജില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള 11,12 ക്ലാസുകളുമാണ് ആരംഭിച്ചിരിക്കുന്നത്. ഷൂസ്ബറി രൂപതയില്‍പ്പെട്ട മുഴുവന്‍ കുട്ടികളും യുവജനങ്ങളുമാണ് പുതിയതായി ആരംഭിക്കുന്ന സെന്റ് ജോണ്‍ പോള്‍ സെക്കന്‍ഡ് സണ്‍ഡേ സ്കൂളിലേക്ക് രജിസ്റ്റര്‍ ചെയ്ത് അഡ്മിഷന് എടുത്തിട്ടുള്ളത്. മാഞ്ചസ്റ്ററിലുള്ള ക്നാനായക്കാര്‍ ആവേശപൂര്‍വമാണ് പുതിയ സണ്‍ഡേ സ്കൂളിനെ വരവേറ്റത്.
മുഴുവന്‍ കുട്ടികളെയും ഇടവക വികാരി ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ പ്രാര്‍ത്ഥനയോടെയാണ് പുതിയ സണ്‍ഡേ സ്കൂളിലേക്ക് സ്വാഗതം ചെയ്തത്. കോട്ടയം കാരിസ്ഭവന് ഡയറക്ടര്‍ ഫാ കുര്യന് കരീക്കല്‍ എല്ലാ കുട്ടികള്‍ക്കും തിരി കത്തിച്ചു നല്കി ആശിര്‍വദിച്ചു. പ്രമുഖ വചന പ്രഘോഷകനായ കാര്യച്ചനാണ് സണ്‍ഡേ സ്കൂള്‍ ഉദ്ഘാടനം ചെയ്തത്.
കഴിഞ്ഞ പത്ത് വര്‍ഷമായി ഫാ സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ മാഞ്ചസ്റ്ററിലും സമീപ പ്രദേശങ്ങളിലുമുള്ള ക്നാനായക്കാരും സീറോ മലബാര്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള സെന്റ് മേരീസ് സണ്‍ഡേ സ്കൂള്‍ ഏവര്‍ക്കും മാതൃകയായിരുന്നു. 14 കുട്ടികളുമായി 2005ല്‍ ആരംഭിച്ച സണ്‍ഡേ സ്കൂള്‍ 150 ഓളം കുട്ടികളുമായി യുകെയിലെ തന്നെ ഏറ്റവും മികച്ച സണ്‍ഡേ സ്കൂളായി വളരുകയായിരുന്നു.
മാസത്തിലെ ആദ്യ മൂന്ന് ഞായറാഴ്ച്ചകളിലും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ നാല് മണിവരെയാമ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സെന്റ് എലിസബത്ത് ദേവാലയം കേന്ദ്രീകരിച്ചായിരിക്കുന്ന സണ്‍ഡേ സ്കൂളും ദിവ്യബലിയും ചാപ്ലയന്‍സിയുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും നടത്തപ്പെടുക. അടുത്ത സണ്‍ഡേ സ്കൂള്‍ ക്ലാസുകള്‍ 13ാം തിയതി ഞായറാഴ്ച്ച നടക്കും. പുതിയ കുട്ടികളെ സ്വാഗതം ചെയ്യുന്നതിനൊപ്പം കഴിഞ്ഞ ഞായറാഴ്ച്ച രജിസ്റ്റര്‍ ചെയ്ത എല്ലാ കുട്ടികളെയും, മാതാപിതാക്കളെയും സണ്‍ഡേ സ്കൂള്‍ അധ്യാപകരെയും ഇടവക വികാരി ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ പ്രത്യേകം അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല