സ്വന്തം ലേഖകന്‍: നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട രഹസ്യ ഫയലുകള്‍ പുറത്തുവിടുമെന്ന് മമതാ ബാനര്‍ജി. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ കൈവശമുള്ള 64 നേതാജി ഫയലുകള്‍ സെപ്റ്റംബര്‍ 18 ന് പുറത്തുവിടുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഒരു പ്രമുഖ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
നേതാജിയുമായി ബന്ധപ്പെട്ടുള്ള നിഗൂഢത ഇപ്പോഴും അതേപടി തുടരുകയാണ്. അതുകൊണ്ടുതന്നെ ഈ നിഗൂഢത നീക്കുന്നതിന് സഹായിക്കുന്ന എന്തൊക്കെ തെളിവുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പക്കലുണ്ടോ അവയെല്ലാം ഉടന്‍ പുറത്തുവിടും, എന്നായിരുന്നു മമതയുടെ വാക്കുകള്‍.
ഈ മാസം 18 മുതല്‍ ഈ ഫയലുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. സിറ്റി പൊലീസിന്റെ ശേഖരത്തിലായിരിക്കും ഈ ഫയലുകളും സൂക്ഷിക്കുകയെന്നും മമത വ്യക്തമാക്കി. ആഭ്യന്തര സുരക്ഷയുമായോ അതുപോലെ അതീവപ്രാധാന്യമുള്ള മറ്റേതെങ്കിലും മേഖലയുമായോ ഈ ഫയലുകള്‍ക്ക് ബന്ധമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും മമത അറിയിച്ചു.
ഇത്തരത്തിലുള്ള ഫയലുകള്‍ നമ്മുടെ കൈവശമുള്ള കാര്യം നമുക്കുപോലും അറിയില്ല. നേതാജിയുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ കൈവശമാണെന്നാണ് നമ്മുടെയെല്ലാം ധാരണ. ഇവ സംസ്ഥാന സര്‍ക്കാരുകളുടെ കൈവശമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് മുന്‍പ് ആരും ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല, മമത ചൂണ്ടിക്കാട്ടി.
നേതാജിയുടെ ബന്ധുവായ ചന്ദ്രകുമാര്‍ ബോസ് സ്വാഗതം നേരത്തെ ഫയലുകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. നേതാജിയുടെ ബന്ധുക്കള്‍ ഇതേ ആവശ്യവുമായി ബ്രിട്ടന് അടക്കമുള്ള വിദേശ രാജ്യങ്ങളെ സമീപിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല