മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍നിന്നും മറ്റും പാലായനം ചെയ്ത് വന്ന അഭയാര്‍ത്ഥികളെ സൗദി ഉള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങള്‍ സ്വരാജ്യത്തേക്ക് കടക്കാന്‍ അനുവദിച്ചില്ലെന്ന സോഷ്യല്‍ മീഡിയാ വിമര്‍ശനത്തിന് മറുപടിയുമായി സൗദി രംഗത്ത്. സിറിയയിലും മറ്റും അഭ്യന്തര സംഘര്‍ഷം തുടങ്ങിയ 2011 മുതല്‍ 25 ലക്ഷം സിറിയക്കാര്‍ക്ക് തങ്ങള്‍ അഭയം നല്‍കിയിട്ടുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രലയം വ്യക്തമാക്കി. യൂറോപ്പിലെത്തിയ മുസ്ലീംങ്ങള്‍ക്ക് സൗദി പള്ളി നിര്‍മ്മിച്ചു നല്‍കുമെന്ന വാര്‍ത്തയാണ് സൗദിക്ക് ഏറ്റവും വിനയായത്. എന്നാല്‍, ഈ വാര്‍ത്ത സത്യമാണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സിറിയക്കാരെ അഭയാര്‍ത്ഥികളായി അല്ല സൗദി പരിഗണിച്ചതെന്നും സാധാരണ വിദേശികള്‍ക്ക് ലഭിക്കുന്ന എല്ലാ സ്വാതന്ത്രവും സിറിയക്കാര്‍ക്ക് ഇവിടെ നല്‍കിയിരുന്നതായും സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒരു ലക്ഷം സിറിയന്‍ കുട്ടികള്‍ സൗദിയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നുണ്ടെന്നും എല്ലാ സിറിയക്കാര്‍ക്കും സൗദിയില്‍ സൗജന്യ ചികിത്സയും ലഭ്യമാണെന്നും വാര്‍ത്താകുറിപ്പില്‍ സൗദി അവകാശപ്പെടുന്നു. സിറിയന്‍ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ 700 മില്യണ്‍ ഡോളര്‍ സൗദി സംഭാവന നല്‍കിയതായും വിദേശ കാര്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
1990ല്‍ സദ്ദാം നടത്തിയ കുവൈത്ത് അധിനിവേശ കാലത്ത് കുവൈത്തി അഭയാര്‍ത്ഥികളെ സ്വീകരിച്ച ഗള്‍ഫ് രാഷ്ട്രങ്ങള്‍ മറ്റു അയല്‍ രാഷ്ട്രങ്ങളായ ഇറാഖിലെയും സിറിയിയിലെയും അഭയാര്‍ത്ഥികളോട് ചെയ്യുന്നത് ക്രൂരതയാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഇറാഖ് അധിനിവേശത്തിനും സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ നേരിടാന്‍ സൈനീക സഹായം നല്‍കുന്ന രാജ്യം എന്തുകൊണ്ടാണ് അഭയാര്‍ത്ഥികളോട് അയിത്തം കല്‍പ്പിക്കുന്നതെന്ന ചോദ്യത്തിനാണ് സൗദിയുടെ വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല