മധ്യപ്രദേശിലെ ജബുവ ജില്ലയില്‍ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി. കെട്ടിടം തകര്‍ന്ന് വീണും മറ്റുമാണ് കൂടുതല്‍ ആളുകളും മരിച്ചത്. പരുക്കേറ്റ നൂറോളം ആളുകളെ വിവിധ ആശുപത്രികളിലായി ചികിത്സിക്കുന്നുണ്ട്. പെട്‌ലാവാദ് നഗരത്തിലെ ഒരു ബസ് സ്റ്റാന്‍ഡിലായിരുന്നു ഇന്നലെ രാവിലെ എട്ടരയോടെ പൊട്ടിത്തെറിയുണ്ടായത്. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളില്‍ ഒന്നാണിത്.
രാവിലെയോടെ ബസ് സ്റ്റാന്‍ഡിനടുത്ത ഒരു റസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ആദ്യമറിയിച്ച പൊലിസ്, ഇതിനടുത്തു ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ച വാടകവീട്ടിലായിരുന്നു പൊട്ടിത്തെറിയുണ്ടായതെന്നു പിന്നീട് സ്ഥിരീകരിച്ചു. പൊട്ടിത്തെറിയുടെ ശക്തിയില്‍ ഈ വീടും തൊട്ടടുത്തുള്ള രണ്ടു നില റസ്റ്റോറന്റും പൂര്‍ണമായും തകര്‍ന്നു. പരിസരത്തെ വീടുകളും കടകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഒട്ടേറെ വാഹനങ്ങളും നശിച്ചിട്ടുണ്ടെന്നു ജില്ലാ അഡീഷനല്‍ പൊലിസ് മേധാവി സീമ ആല്‍വ പറഞ്ഞു.
കെട്ടിടത്തില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന സിലിണ്ടറുകളാണു പൊട്ടിത്തെറിച്ചതെന്നു പറയപ്പെടുന്നു. റസ്റ്റോറന്റില്‍ പടക്കനിര്‍മാണത്തിനുള്ള വെടിമരുന്നുകള്‍ അനധികൃതമായി സൂക്ഷിച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്.
അപകടത്തില്‍ മരിച്ചവരില്‍ റസ്റ്റോറന്റിലെ ഒന്‍പതോളം ജീവനക്കാരും ആ സമയത്തു ഭക്ഷണം കഴിക്കാനെത്തിയവരും ഉള്‍പ്പെടും. തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍പേര്‍ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നു രക്ഷാപ്രവര്‍ത്തനം ഏറെ നേരം നീണ്ടു. പൊലിസിനു പുറമേ ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തുണ്ട്. സംഭവത്തില്‍ ഉന്നതല അന്വേഷണം നടത്തുമെന്നു മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ബാബുലാല്‍ ഗൗര്‍ പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്കു മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്കു 50,000 രൂപ വീതവും നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല