1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2015


ടോമി ജോര്‍ജ്ജ്

സ്വാന്‍സി : നിറപ്പകിട്ടാര്‍ന്ന കലാപരിപാടികളും, മാവേലി മന്നന് സ്വീകരണവും, വടംവലി മത്സരവും, പൂക്കള മത്സരവും ഒക്കെയായി സ്വാന്‍സി മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീണു. സെപ്റ്റംബര്‍ അഞ്ച് ശനിയാഴ്ച ആയിരുന്നു സ്വാന്‍സിയിലെ ആബാലവൃദ്ധം മലയാളികളെയും സാക്ഷി നിര്‍ത്തിക്കൊണ്ട് സ്വാന്‍സി മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ അരങ്ങേറിയത്. സ്വാന്‍സിയിലെ പോണ്ടിലിവ് വില്ലേജ് ഹാളില്‍ കാലത്ത് ഒന്‍പത് മണിക്ക് പൂക്കള മത്സരത്തോടെ ആയിരുന്നു ഓണാഘോഷത്തിന് തുടക്കം കുറിച്ചത്.

പൂക്കള മത്സരത്തിന് ശേഷം പത്ത് മണിക്ക് ഓണത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ആരംഭിച്ചു. സ്വാന്‍സി മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ജിജി ജോര്‍ജ്ജ് യോഗത്തില്‍ അദ്ധ്യക്ഷം വഹിച്ചു. യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ബിജു തോമസ് പന്നിവേലില്‍ ഭദ്രദീപം കൊളുത്തി ഓണഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബിജു മാത്യു സ്വാഗതം പറഞ്ഞ യുക്മ റീജിയണല്‍ പ്രസിഡന്റ് ജോജി ജോസ് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അസോസിയേഷന്‍ രക്ഷാധികാരി പീറ്റര്‍ ബാരന്‍, ഡാന്‍സ് ടീച്ചര്‍ മെഗാന്‍ ലോയ്ഡ്, മഹാബലിയുടെ വേഷം ഭംഗിയാക്കിയ മാത്യു ബിജു തുടങ്ങിയവരും മറ്റ് ഭാരവാഹികളും ഉദ്ഘാടന വേദിയില്‍ സന്നിഹിതര്‍ ആയിരുന്നു. അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പ്രിമ ബിനു യോഗത്തില്‍ പങ്കെടുത്തവര്‍ക്കും ഓണാഘോഷത്തിന്റെ വിജയ ശില്പികള്‍ക്കും നന്ദി അറിയിച്ചതോടെ പൊതു സമ്മേളനത്തിന് സമാപനമായി.

തുടര്‍ന്ന്! പതിനൊന്ന് മണിയോടെ വിവിധ കലാപരിപാടികള്‍ക്ക് തുടക്കമായി. അസോസിയേഷനിലെ കുട്ടികള്‍ അവതരിപ്പിച്ച മനോഹരമായ വെല്‍ക്കം ഡാന്‍സ് ആയിരുന്നു ആദ്യം. തുടര്‍ന്ന്! തിരുവാതിര, ക്ലാസിക്കല്‍ ഡാന്‍സുകള്‍, സിനിമാറ്റിക് ഡാന്‍സുകള്‍ തുടങ്ങി വൈവിദ്ധ്യമാര്‍ന്ന നിരവധി പ്രോഗ്രാമുകള്‍ വേദി കീഴടക്കി. രുചികരവും വിഭവ സമൃദ്ധവുമായ ഓണസദ്യയ്ക്ക് വേണ്ടി ഇടക്ക് കലാപരിപാടികള്‍ക്ക് ഇടവേള നല്‍കി. സദ്യക്ക് ശേഷം വീണ്ടും കലാപരിപാടികള്‍ തുടര്‍ന്നു. വൈകിട്ട് അഞ്ചു മണി വരെ വിവിധ കലാരൂപങ്ങള്‍ കാണികള്‍ക്ക് നിറവിരുന്നൊരുക്കി.

തുടര്‍ന്നായിരുന്നു ആവേശോജ്ജ്വലമായ വടംവലി മത്സരം നടന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നടന്ന വടംവലി മത്സരങ്ങള്‍ വീറും വാശിയും നിറഞ്ഞതായിരുന്നു. വടംവലിക്ക് ശേഷം കായിക മത്സരങ്ങളിലെ വിജയികള്‍ക്കും കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്കും എല്ലാം ട്രോഫികളും മെഡലുകളും സമ്മാനങ്ങളും നല്‍കി. കാലത്ത് ഒന്‍പതിന് തുടങ്ങിയ ആഘോഷങ്ങള്‍ സമാപിച്ച് ആളുകള്‍ പിരിയുമ്പോള്‍ രാത്രി ഒന്‍പത് മണിയോളം ആയിരുന്നു.

ഓണാഘോഷ പരിപാടികള്‍ വന്‍വിജയം ആക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും അസോസിയേഷന്‍ ഭാരവാഹികള്‍ നന്ദി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.