കൊച്ചു കുഞ്ഞുങ്ങളുടെ പിറന്നാളാഘോഷങ്ങള്‍ പോലും കല്യാണാഘോഷരീതിയില് മത്സരിച്ചു നടത്തുന്ന ഇക്കാലത്ത് ഒരു പള്ളിതിരുനാള്‍ ഒരല്‍പ്പം വേറിട്ട രീതിയില്‍ കൊണ്ടാടാന്‍ വികാരിയച്ചന് ഒരു മോഹം തോന്നിയാല്‍ അതിലെന്താണ് തെറ്റ്. അങ്ങനെ വ്യത്യസ്തനായ ഒരു വികാരിയാവാന്‍ മോഹം തോന്നിയ തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിയിലെ ഫാ.ജോണ്‍ പുതുവ ആണ് തന്റ്റെ ഇടവകയിലെ എട്ടുനോയമ്പ് സമാപനവും കന്യാകാമറിയത്തിന്റ്റെ ജനന തിരുനാളും ഏറെ പുതുമകളോടെ നടത്തി നാട്ടുകാരെ ഒന്നടങ്കം അമ്പരപ്പിച്ചു കളഞ്ഞത്.
ലോകം മുഴുവനും ഉള്ള മലയാളികള്‍ അടുത്തിടെ ഇറങ്ങിയ പ്രേമം സിനിമാ കണ്ട് തിരുവോണാഘോഷങ്ങള്‍ മുഴുവന്‍ ജോര്‍ജിനും മലരിനും തീറെഴുതിയ സാഹചര്യത്തില്‍ കന്യകാമാതാവിന്റെ തീവ്ര ഭക്തനായ പള്ളി വികാരി ചിന്തിച്ചത് ഇങ്ങനെയാണ്.തിരുവോണത്തിന് ഇവന്മാര്ക്കെല്ലാം ജോര്‍ജ്ജുമാരും മലരുകളും ആയി വിളയാടാമെങ്കില് നോമ്പ് പെരുന്നാളിന് ഇക്കുറി ഒരു ‘മേരി തരംഗം’ തന്നെ അങ്ങു തീര്‍ത്തു കളയുന്നതില്‍ എന്താണ് തെറ്റ്.പക്ഷെ,പുതുവായിലച്ചന് ഉദ്ദേശിച്ചത് പ്രേമം സിനിമയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ മേരിയെ അല്ലെന്നു മാത്രം.മറിച്ച് തന്റ്റെ ഇടവകയിലെ അനവധി മേരിമാരെ കുറിച്ചായിരുന്നു.പിന്നെ ഒട്ടും ആലോചിച്ചില്ല ,ഇടവകയിലെ സകല മേരിമാരെയും അച്ചനും സഹവികാരി ഫാ.ഫെബിന് കച്ചിറയിലും കപ്യാരും കൈക്കാരന്മാരായ ജോണ്‍ കുര്യാക്കോസ്, ആന്റണി കളമ്പുകാടന്‍ എന്നിവരും കൂടി തപ്പിയെടുത്തു.അതില്‍ നിന്നും തിരഞ്ഞെടുത്ത ഇടവക പള്ളിയിലെ എട്ടു മുതല്‍ തൊണ്ണൂറു വയസ്സുവരെ പ്രായത്തിനിടയിലുള്ള മേരിനാമധാരികളായ നൂറോളം മരിയഭക്തകളെ തനിപരമ്പരാഗത ക്രിസ്ത്യന്‍ രീതിയില്‍ ചട്ടയും മുണ്ടും അണിയിപ്പിച്ച് തിരുനാള്‍ കുര്‍ബാനയില്‍ അങ്ങ് അണിനിരത്തി.
മഞ്ഞയും ചുവപ്പും കലര്‍ന്ന പൂക്കളാല്‍ നിറച്ച് അലങ്കരിച്ച അള്‍ത്താരയുടെ മുന്‍പിലായി അതിശോഭയോടെ തൂവെള്ള വസ്ത്രങ്ങള്‍ അണിഞ്ഞു കൊണ്ട് കൊച്ചു സുന്ദരിമാരും യുവ സുന്ദരിമാരും മുത്തശ്ശി സുന്ദരിമാരും ആയ മേരിമാര്‍ കൂടി അങ്ങ് അണിഞ്ഞൊരുങ്ങി നിന്നപ്പോള്‍ ആകപ്പാടെ പള്ളിക്കൊരു പൂരച്ചന്തം.പള്ളിയില്‍ തിങ്ങി നിറഞ്ഞ വിശ്വാസികള്‍ ഭക്തി ലഹരിയില്‍ നിറഞ്ഞു. വിശേഷം കേട്ടറിഞ്ഞ് തലയോലപ്പറമ്പിലെ മേരിമാരെ കാണാന്‍ സമീപ പ്രദേശങ്ങളില്‍ നിന്നെല്ലാം ജാതിയും മതവും എല്ലാം മറന്നു അനവധി ആളുകള്‍ പള്ളിയങ്കണത്തില്‍ തടിച്ചു കൂടി പെരുന്നാളില്‍ പങ്കെടുത്തു.
തിരുന്നാള്‍ക്കുര്‍ബാന കഴിഞ്ഞ് കുരുന്നു മേരിമാര്‍ പള്ളിമുറ്റത്ത് ഓടിക്കളിച്ചപ്പോള്‍,ട്ടീനേജു മേരിമാര്‍ തങ്ങള്‍ക്കു കിട്ടിയ താര പരിവേഷം ആസ്വദിച്ചു കൊണ്ട് പള്ളിയങ്കണത്തില്‍ ഒതുങ്ങി നിന്നു.യുവതികളായ മേരിമാര്‍ എല്ലാക്കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു കൊണ്ട് ആഘോഷ ചടങ്ങുകള്‍ നോക്കി നടത്തുന്ന തിരക്കിലായിരുന്നു.മുത്തശ്ശി മേരിമാരാകട്ടെ കിട്ടിയ തക്കം നോക്കി പഴയ കാലകഥകള്‍ എല്ലാം ഓര്‍ത്തെടുത്ത് പങ്കു വച്ചുകൊണ്ട് പള്ളി മുറ്റത്തെ കസേരകളില്‍ ഇരുന്നു സൊറപറഞ്ഞു വിശ്രമിച്ചു.ചുരുക്കിപ്പറഞ്ഞാല്‍ മറിയത്തിന്റെ കാരുണ്യവും ശാലീനതയും സൗന്ദര്യവും മേരിമാരുടെ കൂട്ടായ്മയിലൂടെ പുനര്‍ജനിച്ചു.അങ്ങനെ പെരുന്നാള്‍ നടത്തിയവര്‍ക്കും പങ്കെടുത്തവര്‍ക്കും കണ്ടവര്‍ക്കും ഒപ്പം ഈ വിവരങ്ങള്‍ കേട്ടവര്‍ക്കും എല്ലാം സന്തോഷം.ഇങ്ങനെയൊരു പിറന്നാള്‍ ആഘോഷം സാക്ഷാല്‍ കന്യകാമറിയത്തിനു പോലും ആദ്യത്തെ അനുഭവം ആയിരിക്കും.
ഈ ആഘോഷപരിപാടിയില്‍ ഏറ്റവും ഇഷ്ട്ടപ്പെട്ടത് എന്താണ് എന്ന് ചോദിച്ചാല്‍ എല്ലാവരും ഒരുമിച്ചു സമ്മതിക്കുന്ന ഒരു സീന്‍ അഥവാ പ്രേമം ഭാഷയില്‍ പറഞ്ഞാല്‍ ‘സീന്‍ കോണ്ട്ര’ ഒന്നു മാത്രം.തൂവെള്ള ചട്ടയും മുണ്ടും അണിഞ്ഞ് നിരനിരയായി മേരിമാരെല്ലാം പള്ളിയിലേക്ക് മെല്ലെ മെല്ലെ കയറിവന്ന ആ സീന്‍ തന്നെ.തലയോലപ്പറമ്പിലെ മണ്ണില്‍ സാക്ഷാല്‍ മാലാഖമാര്‍ ഇറങ്ങിയ അനുഭവം.എട്ടു നോമ്പ് പെരുന്നാളിന് അവിടെ ഉണ്ടായിരുന്ന ആരും ആ രംഗം ഈ ജന്മ്മം മറക്കില്ല.അതുറപ്പ്.ഇത്തരം ഒത്തു ചേരലുകളല്ലേ ശരിക്കും ഉള്ള ആഘോഷങ്ങള്‍.?.അതേ എന്ന് നമുക്കും തലയോലപ്പറമ്പുകാര്ക്കൊപ്പം സമ്മതിച്ചേ പറ്റൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല