സ്വന്തം ലേഖകന്‍: മക്ക ഹറം പള്ളിയിലെ അപകടത്തില്‍ മരിച്ച മലയാളികളെ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് സൗദി. ഹറം പള്ളിയില്‍ ക്രെയിന്‍ അപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശി മുഅ്മിന ഇസ്മയില്‍ അടക്കം മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനു ഡിഎന്‍എ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് സൗദി അധികൃതര്‍.
മരണപ്പെട്ടവരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞെങ്കിലും നിയമ നടപടികളുടെ ഭാഗമായി, മരിച്ചതാരെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണിത്. എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്കു രക്തബന്ധുക്കളെ നാട്ടില്‍ നിന്ന് കൊണ്ടുവരേണ്ടിവരുമെന്നതിനാല് കബറടക്കം വൈകും.
അതിനിടെ, മരിച്ചവരുടെ ആശ്രിതര്‍ക്കു മൂന്നു ലക്ഷം റിയാല്‍ വീതം നഷ്ടപരിഹാരം നല്കുമെന്നു ഹറം പള്ളിയുടെ പരിരക്ഷാ ചുമതലയുള്ള ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്കു സഹായധനം നല്കുമെന്നു സര്‍ക്കാര്‍ നേരത്തേ തന്നെ അറിയിച്ചെങ്കിലും തുക പ്രഖ്യാപിച്ചിട്ടില്ല.
മരിച്ച 11 ഇന്ത്യക്കാരില്‍ എട്ടുപേരുടെ മൃതദേഹം ഇന്നലെ കബറടക്കി. മുഅ്മിനയ്ക്കു പുറമേ മഹാരാഷ്ട്ര, കര്‍ണാടക തീര്‍ഥാടകരുടെ മൃതദേഹങ്ങളാണു കൂടുതല്‍ പരിശോധനയ്ക്കായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ളത്. അപകടത്തിനു പിന്നാലെ കാണാതായ മൂന്നു മഹാരാഷ്ട്രാ സ്വദേശികളില്‍ ഒരാളെ കണ്ടെത്തിയതായും ഇന്ത്യന്‍ ഹജ് മിഷന് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല