സ്വന്തം ലേഖകന്‍: അഭയാര്‍ഥികളുടെ കുത്തൊഴുക്ക്, ഹംഗറി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അനിയന്ത്രിതമായ അഭയാര്‍ഥി പ്രവാഹത്തെത്തുടര്‍ന്ന് ഹംഗറി സെര്‍ബിയന്‍ അതിര്‍ത്തിയിലുള്ള രണ്ട് പ്രവിശ്യകളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അഭയാര്‍ഥികള്‍ യൂറോപ്പിലേക്ക് കടക്കാന്‍ പ്രധാനമായും ഉപയോഗിച്ചിരുന്ന തീവണ്ടിപ്പാതയില്‍ ഗതാഗതം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ അതിര്‍ത്തിവേലി നുഴഞ്ഞു കടക്കാന്‍ ശ്രമിച്ച 60 പേരെ പോലീസ് അറസ്റ്റ് ചെയ്തത് മേഖലയില്‍ സംഘര്‍ഷമുണ്ടാക്കി.
അഭയാര്‍ഥികളാവാനുള്ള അപേക്ഷ നിരസിക്കപ്പെടുന്നവരെ സെര്‍ബിയയിലേക്ക് തിരിച്ച് നാടുകടത്താനാണ് ഹംഗറി ഉദ്ദേശിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ അനുമതിയില്ലാതെ അതിര്‍ത്തി കടക്കുന്നവരെ ക്രിമിനല്‍ നിയമപ്രകാരം വിചാരണ ചെയ്യാനാണ് തീരുമാനം.
ഇതിനായി 30 ജഡ്ജിമാരെയും നിയമിച്ചിട്ടുണ്ട്. അഭയാര്‍ഥി പ്രശ്‌നം സംബന്ധിച്ച് ജര്‍മനിയും ഓസ്ട്രിയയും അടുത്തയാഴ്ച യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ അഞ്ചുലക്ഷം അഭയാര്‍ഥികള്‍ യൂറോപ്പിലെത്തിയതായാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല