അപ്പച്ചന്‍ കണ്ണഞ്ചിറ: യുകെ യിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനുകളില്‍ ഒന്നായ ഇപ്‌സ്വിച്ചിലെ കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്റെ ‘പൊന്നോണം2015’ അവിസ്മരണീയമായി. മലയാളക്കരയിലെ പ്രതാപകാലത്തെ പൊന്നോണം തെല്ലും മങ്ങാതെ സദസ്സില്‍ അനുഭവമാക്കിയ മികച്ച സംഘാടകത്വവും, മികവുറ്റ അവതരണവും,കലാ ചാതുര്യവും, ഒത്തൊരുമയും, കെ.സി.എകെ സിഎസ്എസ് സംയുക്ത ഓണാഘോഷത്തെ പ്രൌഡഘംഭീരമാക്കി.
നാട്ടില്‍ നിന്നും കൊണ്ടുവന്ന തുമ്പപൂ,കാക്കപ്പൂ മുതല്‍ ചെത്തിപ്പൂ വരെ ഉപയോഗിച്ച് ഒരുക്കിയ മനോഹരമായ ഓണപ്പൂക്കളം ഇട്ടുകൊണ്ട് നാന്ദി കുറിച്ച ‘പൊന്നോണം2015’ ആഘോഷം കൊട്ടും കൊരവയും,ആര്‍പ്പു വിളികളുമായി എഴുന്നള്ളിയെത്തിയ മഹാബലിയുടെ ആഗമനത്തോടെ ആവേശഭരിമായി.മാവേലി മന്നനെ വരവേല്‍ക്കാന്‍ ചെണ്ടമേളവും, മുത്തുക്കുടകളും, താലപ്പൊലിയും ആയി നിന്ന കെ.സി.എ. കുടുംബാംഗങ്ങള്‍ക്ക് പുലിക്കളിയും കൂടി ചേര്‍ന്നപ്പോള്‍ ഉത്സവ പ്രതീതിയുണര്‍ത്തുകയായി.
എല്ലാവരും ചേര്‍ന്ന് മാവേലി മന്നനെ വേദിയിലേക്ക് ആനയിച്ച് ഭാരവാഹികള്‍ നിലവിളക്ക് കൊളുത്തിയതോടെ ഓണോത്സവത്തിന് ആരംഭമായി.സാം ജോണ്‍ ഏവര്‍ക്കും ഹൃദ്ധ്യമായ സ്വാഗതം അരുളി. ഡോ.അനൂപ് നല്‍കിയ ഓണ സന്ദേശം ഏറെ ചിന്തോദ്ദീപകവും ഹൃദ്യവുമായിരുന്നു.
തുടര്‍ന്ന് അരങ്ങേറിയ കലാ വിരുന്നില്‍ കെ.സി.എ അംഗങ്ങളും, കുട്ടികളും അവതരിപ്പിച്ച വൈവിദ്ധ്യങ്ങളായ മികച്ച കലാ പരിപാടികളും, ഓണക്കളികളും ഏറെ ശ്രദ്ധേയമായി.കേരളത്തനിമ നിറഞ്ഞ തനതായ കലാരൂപങ്ങളുടെ അവതരണങ്ങള്‍ മികവുറ്റതാക്കിയ കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് അവതരിപ്പിച്ച വിവിധ ഗ്രൂപ്പ് ഡാന്‍സുകള്‍,ഓണ പാട്ട്, തിരുവാതിര,ഹാസ്യ രസം മുറ്റിനിന്ന സ്‌കിറ്റുകള്‍ എന്നിവ ആഘോഷത്തെ ഏറെ ആകര്‍ഷകമാക്കി. ജോബി ജോസ്, സജി ചെറിയാന്‍, സിജോ ഫിലിഫ്, ബിനീഷ്,അജി ബെന്നി,ജെമ്മ സജന്‍ തുടങ്ങിയവര്‍ കലാ പരിപാടികള്‍ക്കും,ആഘോഷത്തിലും തിളക്കം പകര്‍ന്ന സഹകാരികളായി.
ലണ്ടന്‍ ഏഷ്യാനെറ്റ് ടാലെന്റ്‌റ് വിന്നേഴ്‌സായ രഞ്ജിനി രാഘവ്,സത്യ നാരായണന്‍ തുങ്ങിയവരുടെ ഇമ്പമാര്‍ന്ന സ്വരരാഗത്തില്‍ അവതരിപ്പിച്ച സംഗീതസാന്ദ്രമായ ലൈവ് ഗാനമേള ഇപ്‌സ് വിച്ച് കുടുംബാംഗങ്ങള്‍ക്ക് പൊന്നോണ ആഘോഷത്തിലെ ഏറ്റവും വലിയ ഹൈലൈറ്റായി.
തുടര്‍ന്ന് നടന്ന ആവേശവും,വീറും,വാശിയും നിറഞ്ഞു നിന്ന വടം വലിയും, ഓട്ടമല്‍സരങ്ങളും, ഫാമിലി റിലേയും മറ്റ് കായിക മത്സരങ്ങളും ഇപ്‌സ്വിച് മലയാളികളുടെ ഒത്തൊരുമയുടെ സ്പന്തനമായി.വിവിധ ഇന്‍ഡോര്‍,ഔട്‌ഡോര്‍ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ പിന്നീട് വിതരണം ചെയ്തു.
പ്രസിഡണ്ട് സോജന്‍, സെക്രട്ടറി ടോംജോ, ഖജാന്‍ജി ലാല്‍സന്‍ എന്നിവര് പോന്നോണത്തിനു നേതൃത്വം നല്‍കി.കെ സി എകെ സി എസ് എസ് സംയുക്ത ഓണാഘോഷ പരിപാടിയുടെ വിജയത്തില്‍ പങ്കു ചേര്‍ന്ന ഏവര്‍ക്കും കണ്‍വീനര്‍ സെബാസ്റ്റ്യന്‍ വര്‍ഗ്ഗീസ് ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിച്ചു.
ദേശീയ ഗാനം ആലപിച്ചുകൊണ്ട് ഇപ്‌സ്വിച് കെസിഎകെസിഎസ്എസ് സംയുക്ത പൊന്നോണ അവിസ്മരണീയ ആഘോഷത്തിന് കെസ്‌ഗ്രെവ് ഹൈസ്‌കൂള്‍ ഹാള്‍ വേദിയില്‍ യവനിക താണു.തൂശനിലയില്‍ വിളമ്പിയ 24 ഇനങ്ങളടങ്ങിയ വിഭവ സമൃദ്ധമായ ഗംഭീര ഓണസദ്യ ആവോളം രുചിക്കുവാന്‍ കഴിഞ്ഞ പൂര്‍ണ്ണ സംതൃപ്തി വേദി വിടുമ്പോള്‍ ഏവരുടെയും മുഖത്തു കാണാമായിരുന്നു.
ഓണാഘോഷത്തിലെ ചില അവിസ്മരണീയ നിമിഷങ്ങള്‍ ചിത്രങ്ങളിലൂടെ,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല