സ്വന്തം ലേഖകന്‍: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് റാഞ്ചിയ രണ്ട് ഇന്ത്യക്കാരില്‍ ഒഡീഷ സ്വദേശി രക്ഷപ്പെട്ടു. ലിബിയയിലെ ട്രിപ്പോളിയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ രണ്ടു ഇന്ത്യക്കാരില്‍ ഒരാളായ ഒഡീഷ സ്വദേശി പ്രവാശ് രഞ്ജന്‍ സമല്‍ ആണ് രക്ഷപ്പെട്ടത്.
ആന്ധ്രാപ്രദേശില്‍ നിന്നുള്ള രാമമൂര്‍ത്തി കോസാനാമിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നാണ് സൂചന. രണ്ട് ഇന്ത്യന്‍ പൗരന്മാരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ റാഞ്ചിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ സമ്മതിച്ചിരുന്നു.
രക്ഷപ്പെട്ട പ്രവാശ് രഞ്ജന്‍ സമല്‍ ഇന്നലെ ഉച്ചയോടെ ടെലിഫോണിലൂടെ ബന്ധപ്പെട്ടുവെന്ന് അദ്ദേഹത്തിന്റെ ഒഡീഷയിലുള്ള കുടുംബം അറിയിച്ചു. ഭീകരരില്‍ നിന്നും താന്‍ രക്ഷപ്പെട്ടുവെന്ന് പ്രവാശ് പറഞ്ഞു. അദ്ദേഹത്തിന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നുവെന്നും കുട്ടിയെ പോലെ ഉറക്കെ കരഞ്ഞുവെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ എവിടെയാണുള്ളതെന്ന് കൃത്യമായി അറിയില്ലെന്നും പ്രവാശ് പറഞ്ഞു.
മൂന്നു മിനിറ്റില്‍ താഴെയാണ് അദ്ദേഹം ടെലിഫോണിലൂടെ സംസാരിച്ചതെന്നും കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. എന്നാല്‍ സംഭവത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല