സ്വന്തം ലേഖകന്‍: സൗദി നയതന്ത്രജ്ഞന്റെ ക്രൂരതയുടെ ഞെട്ടിക്കുന്ന കഥകളുമായി മുന്‍ വീട്ടു ജോലിക്കാരി രംഗത്ത്, ഒരു ദിവസം നല്‍കിയിരുന്നത് ഒരു റൊട്ടിയും കട്ടന്‍ ചായയും. നേപ്പാള്‍ സ്വദേശിനികളെ നാലും മാസത്തൊളം ലൈംഗിക അടിമകളായി ഉപയോഗിച്ചെന്ന പരാതിക്ക് തൊട്ടുപിന്നാലെയാണ് മുന്‍ വീട്ടുജോലിക്കാരി നീതു ഉദ്യോഗസ്ഥനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തുവന്നത്.
നേപ്പാള്‍ സ്വദേശിനികളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന വിവരം ആദ്യമായി പുറത്തറിയിച്ചത് ഡാര്‍ജിലിംഗ് സ്വദേശിയായ നീതുവാണ്. നേപ്പാളി സ്വദേശിനികളേയും തന്നെയും ഗുര്‍ഗോണിലെ വിവാദ ഫ്ലാറ്റിലെത്തിച്ചത് അന്‍വര്‍ എന്ന മലയാളിയാണെന്നും നീതു മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു ദിവസം ഒരു റൊട്ടിയും കട്ടന്‍ ചായയുമാണ് കഴിക്കാന്‍ തന്നിരുന്നതെന്ന് ഇവര്‍ പറയുന്നു.
പട്ടിണിക്കിടുകയും രക്ഷപ്പെടാതിരിയ്ക്കാന്‍ പൂട്ടിയിടുകയും ചെയ്തു. രണ്ടു മണിക്കൂറാണ് ഉറങ്ങാന്‍ അനുവദിച്ചിരുന്നത്. ഭര്‍ത്താവിനോട് ഫോണില്‍ സംസാരിക്കവെ ഫോണ്‍ പിടിച്ചു വാങ്ങുകയും വീട്ടില്‍ പോകുമെന്ന് പറഞ്ഞപ്പോള്‍ കഴുത്തില്‍ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ഇവര്‍ പറയുന്നു.
പാചക ജോലിക്ക് 1000 ദിര്‍ഹം വാഗ്ദാനം ചെയ്ത് ജൂലായ് 28 ന് അന്‍വറാണ് ഗുര്‍ഗോണിലെ അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ചത്. കഠിനമായി പണിയെടുത്താല്‍ കൃത്യമായി ശമ്പളം കിട്ടുമെന്ന് മലയാളിയായ ഇയാള്‍ പറഞ്ഞിരുന്നു. ആദ്യസമയത്ത് കാര്യങ്ങള്‍ കുഴപ്പമില്ലാതെ പോയെങ്കിലും ഒരു റൊട്ടിയും കട്ടന്‍ ചായയുമാണ് പിന്നീട് ഭക്ഷണമായി കിട്ടിയത്. കാര്യമായ പാചകം ചെയ്യാനുണ്ടായിരുന്നില്ലെങ്കിലും വീട് വൃത്തിയാക്കലും തുണി കഴുകലും തൂത്ത് വൃത്തിയാക്കലുമുള്പ്പെടെ ചെയ്യേണ്ടി വന്നു. ഒപ്പമുണ്ടായിരുന്ന നേപ്പാളി സ്വദേശിനികളുമായി സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല.
രാത്രി എട്ടു മണിക്കും പുലര്‍ച്ചെ രണ്ടിനും എല്ലാവരും ഭക്ഷണം കഴിക്കുന്നതിനാല്‍ നാലുമണി മുതല്‍ രാവിലെ ആറ് വരെയുള്ള സമയത്താണ് ഉറങ്ങാന്‍ അനുവദിച്ചിരുന്നത്. ആഴ്ചയില്‍ ഒരു ദിവസം അവധി പറഞ്ഞിരുന്നെങ്കിലും ഒരിക്കല്‍ പോലും കിട്ടിയിട്ടില്ല. ക്രൂരമായ പെരുമാറ്റം തുടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ മറ്റ് രണ്ടു പേര്‍ക്കൊപ്പം തീരുമാനിച്ചെങ്കിലും മണത്തറിഞ്ഞ ഉദ്യോഗസ്ഥന് ഉറങ്ങുമ്പോള്‍ മുറി പൂട്ടിയിടുമായിരുന്നു. പ്രതിഷേധിക്കാന്‍ തുടങ്ങിയപ്പോള്‍ അന്‍വറിനോട് കൂട്ടിക്കൊണ്ടു പോകാന്‍ പറഞ്ഞെങ്കിലും ഇയാള്‍ വന്നില്ല. തുടര്‍ന്ന് ഭര്‍ത്താവെത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു, നീതു പറയുന്നു.
25 ദിവസം പണിയെടുത്തെങ്കിലും ഒരു ദിവസത്തെ ശമ്പളം പോലും ലഭിക്കാത്തതിനാല്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നീതു. പരാതുമായി നേപ്പാള്‍, സൗദി എംബസികളെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നും നീതു ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല