സ്വന്തം ലേഖകന്‍: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം, പശ്ചിമ ബംഗാള്‍ രഹസ്യ ഫയലുകള്‍ പുറത്തു വിട്ടു. 64 രഹസ്യരേഖകളാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് ഇതിലെ വിവരങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാകില്ല. കൊല്‍ക്കത്ത പോലീസ് ആസ്ഥാനത്ത് നേതാജിയുടെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലാണ് രേഖകള്‍ പുറത്തുവിട്ടത്.
മരിച്ചെന്ന് കരുതുന്ന 1945 ന് ശേഷവും ബോസ് ജീവിച്ചിരുന്നു എന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
64 ഫയലുകളില്‍ ഒമ്പതെണ്ണം മാത്രമാണ് ഇന്റലിജന്‍സിന്റെ പക്കലുള്ളത്. ബാക്കിയുള്ള 55 എണ്ണവും കൊല്‍ക്കത്ത പൊലീസിന്റെ കൈവശമാണുള്ളതെന്ന് കൊല്‍ക്കത്ത പൊലീസ് ജോയിന്റ് കമ്മീഷണര്‍ രാജീവ് മിശ്ര പറഞ്ഞു. ഫയലുകളുടെ ഉള്ളടക്കം മാധ്യമങ്ങള്‍ക്ക് ഉടന്‍ നല്‍കില്ലെന്നും മിശ്ര അറിയിച്ചു.
1937 നും 1947 നും ഇടയിലുള്ള ഡീക്‌ളാസിഫൈ ചെയ്ത ഫയലുകളാണ് പുറത്തുവിടുന്നത്. രേഖകള്‍ നേതാജിയുടെ തിരോധാനത്തെ പറ്റി പുതിയ വിവരങ്ങള്‍ തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫയലുകള്‍ എല്ലാം ഡിജിറ്റൈസ് ചെയ്യുമെന്ന് പശ്ചിംബംഗാള്‍ സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല