1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2015

 

 

 

 

 

 

 

 

 

ബൈബിള്‍ യോഗങ്ങള്‍ സംഘടിപ്പിച്ച്, അതില്‍ പങ്കെടുക്കുന്ന വിശ്വാസികളുടെ മേല്‍ ഉണങ്ങിയ പയറുമണികള്‍ വാരിയെറിഞ്ഞും,നെറ്റിക്ക് പിടിച്ചു പിറകോട്ടു തള്ളിയും , ടൌവല്‍ പുതപ്പിച്ചും,ഉച്ചത്തില്‍ ആക്രോശിച്ചും രോഗശാന്തികളെന്ന പേരില്‍ തട്ടിപ്പുകള്‍ നടത്തി ആളുകളെ കൂട്ടുന്ന ന്യൂ ജനറേഷന്‍ ദൈവവചന പ്രാസംഗികര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി പെന്തകൊസ്തു വിശ്വാസികള്‍ രംഗത്ത്. പെന്തിക്കോസ്തു വിശ്വാസികള്‍ മാത്രം അംഗങ്ങളായിട്ടുള്ള ഇവരുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കൂട്ടയ്മ്മയിലാണ് ആദ്യമായി എതിര്‍പ്പുമായി ചിലര്‍ ചര്‍ച്ചക്ക് തിരികൊളുത്തിയത്.പിന്നീട് ഈ വിഷയം നിരവധി പെന്തോക്കോസ്തു വിഭാഗങ്ങള്‍ തങ്ങളുടെ ഞായറാഴ്ച ശുശ്രൂഷകള്‍ക്ക് ശേഷം വിശകലനം നടത്തുകയും ഇത്തരക്കാര്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു എന്നാണ് സൂചനകള്‍.വരും ദിവസങ്ങളില്‍ തന്നെ തങ്ങളുടെ സഭകളില്‍ വിലക്കേര്‍പ്പെടുത്തെണ്ട ഇത്തരം നവ ആത്മീയ തട്ടിപ്പുകാരുടെ ഒരു ലിസ്റ്റ് തയാറാക്കാനും ആലോചനയുണ്ട്.ജനങ്ങളുടെ മനസ്സില്‍ അന്ധവിശ്വാസം വളര്‍ത്തി സാമ്പത്തിക ലാഭം കൊയ്യുന്ന ആത്മീയ പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും നേരെ വഞ്ചനാക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാനുള്ള പുതിയ നിയമ നടപടികളുമായി മുന്നോട്ടു പോകാനുള്ള കേരള സര്‍ക്കാരിന്റ്‌റെ നീക്കങ്ങള്‍ക്ക്പിന്തുണ നല്‍കുക എന്നതാണ് പെന്തിക്കോസ്തു സഭകളുടെ ഉദ്ദേശ്യം എന്നറിയുന്നു.

സുഗതന്റ്‌റെ കെട്ട് പൊട്ടിയ തമാശ.

ലോകമെമ്പാടുമുള്ള പെന്തിക്കോസ്തു വിശ്വാസികള്‍ നാണം കെട്ട് തലകുനിച്ച സംഭവമാണ് ‘ സുഗതന്റ്‌റെ കെട്ട് പൊട്ടിച്ച രോഗ ശാന്തി അത്ഭുതം’. മലയാളികള്‍ ഇക്കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം ചിരിച്ച യു ട്യൂബ് ഹിറ്റുകളില്‍ ഒന്നായി ഇപ്പോഴും ഈ സംഭവത്തിന്റെ വീഡിയോ രംഗങ്ങള്‍ നിലനില്ക്കുന്നു.ഈ അടുത്ത കാലം വരെ ആധ്യാത്മികത യില്‍ മാത്രം ഊന്നി പ്രവര്‍ത്തിച്ചിരുന്ന പെന്തിക്കോസ്തു ബൈബിള്‍ പ്രഭാഷകരുടെ കച്ചവട താല്പ്പര്യങ്ങളുടെ പുതിയ മുഖങ്ങളില്‍ ഒന്നുമാത്രമാണ് യേശു ക്രിസ്തുവിനെ കൊണ്ട് സുഗതന്റ്‌റെ കെട്ടുകള്‍ അഴിപ്പിച്ചു നടത്തിയ ഈ തറ വേല. സ്വര്‍ണ്ണം പോലുള്ള ലോഹങ്ങളെ പിശാചിന്റ്‌റെ ‘വിസര്ജ്യമായി ‘ പ്രഖ്യാപിച്ചു കൊണ്ട് ലളിത വസ്ത്രധാരണവും അതിനടുത്ത ജീവിതരീതിയും പിന്തുടര്‍ന്നു പോന്ന് ഇതര ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നും വേറിട്ട് നിന്നിരുന്ന ഒരു വിഭാഗമായിരുന്നു പെന്തിക്കോസ്തു സഭകള്‍.മറ്റു ക്രിസ്ത്യന്‍ സഭകളെ പോലെ കൃത്യമായ ഒരു ചട്ടക്കൂടില്‍ ഒതുങ്ങി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല എന്നതിനാല്‍ തന്നെ ഒരു അംഗബലവും ഇല്ലാതെ തന്നെ ആര്‍ക്കും സ്വന്തമായി ഒരു സഭ രൂപികരിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്ന ദുരവസ്ഥയാണ് ഇന്ന് പെന്തിക്കോസ്തു വിഭാഗത്തിന് ഉള്ളത്. സ്ഥിരമായി പോകുന്ന ഫെല്ലോഷിപ്പിലെ പാസ്റ്ററോട് ഒരല്‍പം ഇഷ്ട്ടക്കേട് തോന്നി ഉടനെ തന്നെ കെട്ടിപ്പൊക്കി സൃഷ്ട്ടിക്കപ്പെട്ട കൊച്ചു സഭകളുടെ എണ്ണം മാത്രം നോക്കിയാല്‍ ഇന്ന് കേരളത്തില്‍ തന്നെയുള്ള പെന്തിക്കോസ്തു പ്രസ്ഥാനങ്ങള്‍ ഏതാണ്ട് ആയിരത്തിനു മുകളില്‍ വരും.ഇവയില്‍ പലതും അവയുടെ സ്ഥാപക പാസ്റ്റര്‍ക്കും കുടുംബത്തിനും ഉള്ള ഉദരപൂരണ മാര്‍ഗ്ഗങ്ങളായി മാറിയിരിക്കുന്നു എന്നതാണ് വസ്തുത. സ്വര്‍ണ്ണത്തെ വെറുത്തിരുന്നവര്‍ ഇപ്പോള്‍ സ്വര്‍ണ്ണം ധാരാളം ധരിക്കുന്നവരെ തേടി മാത്രം സുവിശേഷ യോഗങ്ങള്‍ നടത്താന്‍ തുടങ്ങി.ഈ സത്യമാണ് പരമ്പരാഗത പെന്തക്കോസ്ത് പ്രസ്ഥാനങ്ങളുടെ അനുയായികളെ ഇപ്പോള്‍ ആലോസരപ്പെടുത്തിയിരിക്കുന്നത്.

സ്വര്‍ഗ്ഗത്തിലെ സീറ്റ് ഭൂമിയില്‍ വില്‍ക്കുന്നവര്‍.

പെന്തക്കോസ്ത് സമൂഹത്തിലെ കാര്‍ന്നു തിന്നുന്ന പ്രതിഭാസങ്ങളായി ദുരുപദേശ ങ്ങളും തെറ്റായ പഠിപ്പിക്കലുകളും വളര്‍ന്നു വരുന്നു.തെറ്റേത് ശരിയേത് എന്ന് തിരിച്ചറിയാതെ ജനങ്ങള്‍ ഉഴലുകയാണ്.ഒറിജിനലിനെ പോലും വെല്ലുന്ന രീതിയില്‍ വ്യാജന്‍ അരങ്ങു തകര്‍ക്കുമ്പോള്‍ ശരിയെ തൃ ണവല്ക്കരിച്ചുകൊണ്ട് തെറ്റിനെ ആത്മീയതയായി ഉയര്‍ത്തി പിടിച്ച്
പെന്തിക്കോസ്തു സഭയെ തകര്‍ക്കാന്‍ ചിലര്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നു.ആത്മീയതയെ മാര്‍ക്കെറ്റ് ചെയുന്നവര്‍ കാണിക്കുന്ന ഏതു തരികിടകളും അതേപടി അനുകരിക്കുവാനും തങ്ങളാണ് യഥാര്‍ത്ഥ ആത്മീയര്‍ എന്ന കപട മനോഭാവവും അഹങ്കാരവും വച്ചുപുലര്തുന്നവരുമാണ് ഈ ന്യൂ ജനറേഷന്‍ ദൈവ ദാസന്മാര്‍ എന്നതാണ് സത്യം. ആത്മീയത മാത്രം ലാക്കാക്കി പ്രവര്‍ത്തിച്ചിരുന്ന പിതാക്കന്മാര്‍ അനുഷ്ടിച്ച വിശുദ്ധിയും കഷ്ട്ടതകളും തള്ളിപ്പറഞ്ഞു കൊണ്ട്, എങ്ങിനെ ജീവിച്ചാലും വേണ്ടില്ല ,സ്വര്‍ഗ്ഗത്തില്‍ സീറ്റ് ഉറപ്പാണ് എന്ന വാഗ്ദാനം നല്കി പണം പിടുങ്ങുന്ന ഇത്തരം നവ തട്ടുകടകളുടെ ഉദ്ധേശ ശുദ്ധി ജനം തിരിച്ചറിഞ്ഞു തുടങ്ങിക്കഴിഞ്ഞു.

പെന്തക്കോസ്ത് കുഞ്ഞാടുകളെ കൊലക്കു കൊടുക്കുന്നവര്‍.

ഉന്തിയും തള്ളിയും കുരച്ചും ചൊറിഞ്ഞും കെട്ടിപ്പിടിച്ചും മാന്തിയും പ്രവചനം എന്ന രൂപത്തില്‍ വായില്‍ തോന്നിയത് വിളിച്ചു പറയുകയും ചെയുന്നവരും,വെള്ളിമൂങ്ങ ,ചാത്തന്‍ സേവ ,കോഴി ബലി ,സ്വര്‍ണ്ണ ചേന ,മാന്ത്രിക ഏലസ്സ് , ഇരുതല മൂരി എന്നിങ്ങനെ ആളുകളെ പറ്റിക്കുന്നവരും തമ്മില്‍ സാമ്യങ്ങള്‍ ഏറെയാണ്..രണ്ടു കൂട്ടരും ആളുകളുടെ അഞ്ജതയെ ഭീതിയുടെ മാര്‍ഗ്ഗത്തിലൂടെ മുതലെടുക്കുന്നു. പടുകൂറ്റന്‍ ഫ്‌ലെക്‌സുകളില്‍ ഫോട്ടോ നിരത്തി ആളുകളെ ആകര്‍ഷിച്ച് വായില്‍ തോന്നിയത് മുഴുവന്‍ വിളിച്ചുപറഞ്ഞ് ദൈവിക വചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയുന്ന തട്ടിപ്പുകാരെയും അവരെ വിശുദ്ധ പരിവേഷം ചാര്‍ത്തി ചുമന്നു കൊണ്ടു നടക്കുന്ന വിഡ്ഢികളേയും ഒരുപോലെ ചാട്ടവാറിനടിക്കെണ്ട കാലം അതിക്രമിച്ചിരിക്കുന്നു.രണ്ടും മൂന്നും വേദികളില്‍ കയറിക്കഴിഞ്ഞാല്‍ ഏതു കള്ളനെയും വ്യഭിചാരിയേയും ഉയര്‍ത്തിക്കൊണ്ട് നടക്കുന്നവര്‍ ചെയുന്നത് സഭയിലെ കുഞ്ഞാടുകളെ കശാപ്പു ചെയ്യാന്‍ ഏല്‍പ്പിക്കുകയാണ്.

സെക്കുലര്‍ ആള്‍ ദൈവങ്ങള്‍.

മൈതാനങ്ങളിലും പന്തലുകളിലും ശബ്ദ കോലാഹലങ്ങള്‍ തീര്‍ത്ത് ജനങ്ങളെ വല്ലാത്തൊരു ഭക്തി വൈകാരിക ലോകത്ത് കൊണ്ടെത്തിക്കുന്ന ഇത്തരം ആത്മീയ കച്ചവടക്കാരുടെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങള്‍ മിക്കതും അധാര്‍മ്മികതയുടെ കൂത്തരങ്ങുകളാണ്.ആത്മീയവ്യഭിചാരം നടത്തുന്ന ഈ ന്യൂ ജനറേഷന്‍ തട്ടിപ്പ് സംഘം, സത്യസുവിശേഷത്തെ യഥാര്‍ഥമായി പ്രസംഗിക്കാതെ നല്ലകാലത്തിന്റ്‌റെ സ്വപ്നലോകം മാത്രം വില്‍പ്പന ചരക്കാക്കുന്നവരാണ്.ജനങ്ങളുടെ ഇല്ലായ്മകളെ ചൂഷണം ചെയ്ത് അവരുടെ പിച്ച ചട്ടിയില്‍ കൈയിട്ടു വാരി കോടികളുടെ ആസ്തിയും ആഡംബര ജീവിതവും നയിക്കുന്ന ഈ വ്യാജന്മാര്‍ പുലര്‍ത്തുന്നത് സെക്കുലര്‍ ആള്‍ ദൈവ സിദ്ധാന്തമാണ്.

ഫയറില്‍ നിന്നുയരുന്ന കട്ടപ്പുക.

ദൈവത്തെക്കാള്‍ വലിയ പരിവേഷം നല്‍കി, വീടുകളില്‍ കൂട്ടായ്മക്ക് ക്ഷണിക്കുമ്പോള്‍ സ്ത്രീകളെ വശീകരിച്ചു ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന ഇത്തരം ഇത്തിള്‍ക്കണ്ണികള്‍ നശിപ്പിക്കുന്നത് ആത്മീയത മാത്രമല്ല വിലപ്പെട്ട ഒട്ടനവധി കുടുംബ ജീവിതങ്ങളെ കൂടിയാണ്.ഫയറും കൃപയും ബ്ലെസ്സും മഴയും മാരിയും അരങ്ങു തകര്‍ക്കുമ്പോള്‍ വിളക്കിന്റ്‌റെ തീ കാണുമ്പോള്‍ ഓടിവരുന്ന ഈയാംപാറ്റകളെ പോലെ ജീവിതത്തില്‍ നിഷ്‌ക്കളങ്ക വിശ്വാസികള്‍ കത്തിക്കരിയുകയാണ്.ഒരു കാലത്ത് അഗ്‌നിഅഭിഷേകം മാത്രം നടത്തിയിരുന്ന മേഖലയില്‍ ഇന്ന് പുറത്തുവരുന്നത് തീ മാത്രമല്ല കട്ടപ്പുകയും കൂടിയാണ് .ഈ കട്ട പ്പുകയില്‍ ശ്വാസം മുട്ടി ഇന്നത്തെ വിശ്വാസസമൂഹം ഉലയുകയാണ്.
ഏതു കള്ളനും വ്യഭിചാരിക്കും കൊലയാളിക്കും രാഷ്ട്രീയക്കാരനും വെള്ള ഷര്‍ട്ടും പിന്നെ ഒരു ബൈബിളും പിടിച്ചാല്‍ പിന്നെ ഇവിടെ മാന്യതയുടെ വേഷം കെട്ടാം.പോരാത്തതിന് മൈക്കെടുത്ത് അലറി വിളിക്കാന്‍ ഉള്ള കഴിവും കൂടി ഉണ്ടെങ്കില്‍ പിന്നെ സ്വര്‍ഗ്ഗത്തില്‍ നിന്നും ആത്മാവിനെ മൊത്തമായും ചില്ലറയായും കച്ചവടം ചെയാനുള്ള ലൈസന്‍സ് ഇത്തരക്കാര്‍ക്ക് സ്വന്തം.

വാളെടുക്കേണ്ടവര്‍ എവിടെ…?

ദുരുപദേശങ്ങളെ തടയിടുവാനും ഇത്തരം ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളെ സമൂഹമധ്യേ വലിച്ചുകീറി പൊതുജനങ്ങള്‍ക്കും ദൈവ ജനങ്ങള്‍ക്കും അവബോധം പകരേണ്ട ആളുകള്‍ ഇതൊന്നും കാണാതെ പോകുന്നതും അതല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നതും ഏറെ അപകടമാണ്.ഇത്തരം ബാധകളുടെ പിന്നാലെ പോകുന്നവര്‍ പ്രധാന പെന്തക്കോസ്ത് സഭകളിലെ ചുറുചുറു ക്കുള്ള ചെറുപ്പക്കാരാണ് എന്നതാണ് വേദനാജനകമായ സത്യം.ഇവരെ ആകര്‍ഷിക്കുവാനുള്ള എല്ലാ വിഭവങ്ങളുമായിട്ടാണ് ഈ ദുരുപദേശകര്‍ രംഗത്ത് ഇറങ്ങുന്നത്.സഭകളിലും സമൂഹത്തിലും ശരിയായ അവബോധം നല്‍കിയില്ലെങ്കില്‍ അധികം വൈകാതെ തന്നെ ഒരു തലമുറയുടെ കണ്ണീരു കണ്ടു വിലപിക്കേണ്ടി വരും…കടുത്ത വില കൊടുക്കേണ്ടി വരും…ഫയറെന്നും തീനാളമെന്നും കുരിശു യുദ്ധമെന്നും ഒക്കെയുള്ള ചെല്ലപ്പേരുകളില്‍ അറിയപ്പെടുന്ന ഈ അന്തിക്രിസ്തു അനുചരന്മാര്‍ സൃഷ്ട്ടിക്കുന്ന ദുര്‍മരണ വാര്‍ത്തകള്‍ ഇനിയും കൂടി കൂടി വന്നുകൊണ്ടേയിരിക്കും.

കടപ്പാട് : ഈ ലേഖനത്തിന് പ്രേരണയും വേണ്ട തെളിവുകളും തന്ന എന്‍ ആര്‍ ഐ മലയാളിയുടെ ഓസ്‌ട്രേലിയയിലുള്ള അഭ്യുദയകാംഷിക്ക്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.