സ്വന്തം ലേഖകന്‍: അപകടശേഷവും നേതാജി സുഭാഷ് ചന്ദ്രബോസ് ബന്ധുക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായി രഹസ്യ രേഖകള്‍ വെളിപ്പെടുത്തുന്നു. ‘നേതാജി സുഭാഷ് ചന്ദ്രബോസ്… സംസാരിക്കാനാഗ്രഹിക്കുന്നു’ എന്ന റേഡിയോ സന്ദേശം അദ്ദേഹത്തിന്റെ അനന്തരവന്‍ അമീയനാഥ് ബോസിന് ലഭിച്ചിരുന്നതായി രേഖകളില്‍ പരാമര്‍ശമുണ്ട്.
1949 നവംബറില്‍ കൊല്‍ക്കത്തയിലെ വീട്ടിലിരുന്ന് അമീയനാഥ് ബോസ് തന്റെ റേഡിയോ ട്യൂണ്‍ ചെയ്യുമ്പോഴാണ് ഈ സന്ദേശമെത്തിയത്. 16 എംഎം ഷോര്‍ട്ട്‌വേവില്‍ എത്തിയ പ്രക്ഷേപണം എവിടെ നിന്നാണെന്നു വെളിപ്പെടുത്താതെ ‘നേതാജി സുഭാഷ് ചന്ദ്രബോസ്… സംസാരിക്കാനാഗ്രഹിക്കുന്നു…’ എന്ന വാചകം മാത്രം മണിക്കൂറുകളോളം ആവര്‍ത്തിക്കുകയായിരുന്നു.
ഏഴു പതിറ്റാണ്ടിനുശേഷം ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ട ഫയലുകളുടെ ഭാഗമായ ഒരു കത്തിലാണ് വെളിപ്പെടുത്തല്‍. നേതാജിയുടെ അനന്തരവന്‍ അമീയനാഥ് ബോസ്, ലണ്ടനില്‍ താമസിക്കുന്ന തന്റെ സഹോദരന്‍ ശിശിര്‍ കുമാര്‍ ബോസിന് അയച്ചതാണ് ഈ കത്ത്. തീയതി 1949 നവംബര്‍ 18. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കൊല്‍ക്കത്ത പൊലീസ് ഈ കത്തു പിടിച്ചെടുത്തതായാണു ഫയലുകള്‍ നല്‍കുന്ന സൂചന.
കൊല്‍ക്കത്തയിലെ കേന്ദ്ര രഹസ്യാന്വേഷണ ഓഫിസ് ബംഗാള്‍ ഐബിയിലെ ഡിഐജിക്കു സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ടും കഴിഞ്ഞദിവസം പരസ്യപ്പെടുത്തിയ ഫയലുകളിലുണ്ട്. 1949 ജനുവരി 25 ആണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതി. നേതാജി ചൈനയിലുണ്ടെന്ന വിവരം നേതാജിയുടെ മൂത്തസഹോദരന്‍ ശരത്ചന്ദ്ര ബോസിന് യൂറോപ്യന്‍ യാത്രയ്ക്കിടെ ലഭിച്ചെന്നും അദ്ദേഹമതു വിശ്വസിക്കുന്നതായുമാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.
നേതാജിയുടെ അപകടത്തിനു ശേഷവും അദ്ദേഹത്തിന്റെ ഭാര്യ എമിലി ഷെങ്കലും മകള്‍ അനിതയും നേതാജിയുടെ ബന്ധുക്കളുമായി കത്തിടപാടുകള്‍ തുടര്‍ന്നതായും രേഖകളില്‍ സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല