സ്വന്തം ലേഖകന്‍: പാലായിലെ കന്യാസ്ത്രീയുടെ വധം, കൊലപാതകി മഠത്തെക്കുറിച്ച് വ്യക്തമായി അറിയുന്നയാളെന്ന് പോലീസ്. പാലായിലെ ലിസ്യു കര്‍മ്മലീത്താ കോണ്‍വെന്റില്‍ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം പുതിയ വഴിത്തിരുവില്‍. മഠവുമായി ഏറെ പരിചയമുള്ള ആള്‍ക്ക് മാത്രമേ ഇങ്ങനെയൊരു കൃത്യം ചെയ്ത് വളരെ എളുപ്പത്തില്‍ രക്ഷപെടാന്‍ കഴിയൂവെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതിയെ ഉടന്‍ കുടുക്കാനായേക്കുമെന്ന് അന്വേഷണച്ചുമതല വഹിക്കുന്ന പാലാ ഡിവൈ.എസ്.പി ഡി.എസ്. സുനീഷ് ബാബു പറഞ്ഞു.
എ.ഡി.ജി.പി പത്മകുമാര്‍ ഇന്നലെ മഠത്തിലും പൊലീസ് സ്റ്റേഷനിലുമെത്തി വിവരങ്ങള്‍ ശേഖരിച്ചു. അദ്ദേഹം അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തി. സംഭവത്തില്‍ മാനസിക രോഗികളെയും മോഷ്ടാക്കളെയും സംബന്ധിച്ച് എറെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. മാനസിക രോഗികളെയും മോഷ്ടാക്കളെയും അന്വേഷിച്ച് പോലീസ് കാസര്‍കോട് ഉള്‍പ്പടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പോയിരുന്നു.
എന്നാല്‍ ഐ.ജിയുടെ വെളിപ്പെടുത്തല്‍, കൊലപാതകത്തിനുപിന്നില്‍ ഇവരൊന്നുമല്ലെന്ന സൂചന നല്കുന്നു. മറ്റു സാഹചര്യങ്ങളും പോലീസ് ഗൗരവമായി കണക്കിലെടുക്കുന്നു. മഠത്തിലെ അന്‍പതോളം അന്തേവാസികളില്‍നിന്നും ജോലിക്കാരില്‍നിന്നും വിശദമായ മൊഴിയാണെടുക്കുന്നത്.
അന്വേഷണത്തില്‍ ലഭിച്ച തെളിവുകളും ഈ മൊഴികളും ചേര്‍ത്തുവെച്ച് വിശകലനംചെയ്യും. രണ്ടു ദിവസത്തിനുള്ളില്‍ പ്രതിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്ന സൂചനയാണ് അന്വേഷണ സംഘം നല്‍കുന്നത്. സമീപ സ്ഥാപനങ്ങളിലും പരിസരപ്രദേശങ്ങളിലും ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ചിലരെയും ചോദ്യംചെയ്തു.
സിസ്റ്റര്‍ അമലയുടെ സംസ്കാരം ഇന്നലെ രാവിലെ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കിഴതടിയൂര്‍ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍ നടന്നു. താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനി മുഖ്യകാര്‍മ്മികത്വം വഹിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല