ടോം ജോസ് തടിയംപാട്: ലിവര്‍പൂളില്‍ മരിച്ച ജോണ്‍ മാഷിന്റെ ഭൗതിക ശരിരം ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം ഏകദേശം അഞ്ചു മണിക്ക് അദ്ദേഹത്തിന്റെ ജന്മദേശം ആയ കുറുപ്പന് തറയിലെ കഞ്ഞിരത്താനം സെയിന്റ് ജോണ്‍സ് പള്ളിയില്‍ വലിയ ജനാവലിയുടെ സാനൃത്തില്‍ സംസ്കരിച്ചു. മൂന്ന് അച്ഛന്മാരുടെ സാന്നിധ്യത്തില്‍ ആണ് ശവസംസ്കാര ശുശ്രുഷകള്‍ നടന്നത്.
ജോണ്‍ മാഷിന്റെ കൂടെ ജോലി ചെയ്തിരുന്ന അധ്യാപകരും, വലിയ ഒരു ശിഷ്യ സമ്പത്തും, അതോടൊപ്പം സാറിന്റെ നാട്ടുകാരും അടങ്ങുന്ന ഒരു വലിയ ജനസാഗരത്തെ സാക്ഷിയാക്കിയാണ് അദ്ദേഹം മണ്ണിലേക്ക് മറഞ്ഞത്.സിമിത്തേരിയില്‍ അന്ത്യയാത്ര നല്കാന് മണിക്കൂറുകള്‍ കത്തുനിന്നാണ് ആളുകള്‍ പുഷ്പ്പങ്ങള്‍ അര്‍പ്പിച്ചത്.
ലിവര്‍പൂള്‍ സമൂഹത്തിനു വേണ്ടി LIMA പ്രസിഡന്റ് ഷാജു ഉതുപ്പ് വീട്ടില്‍ എത്തി റീത്ത് സമര്‍പ്പിച്ചു. മഞ്ചെസ്സ്റ്ററില്‍ നിന്നുള്ള സാബു കുരൃനും ആദരവു പ്രകടിപ്പിക്കാന്‍ എത്തിയിരുന്നു.
ചരമ പ്രസംഗം നടത്തിയ മാന്നാനം സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ലൂക്ക് പറഞ്ഞു ജോണ്‍ വല്ലപോഴും ഫോണ്‍ ചെയ്യുമ്പോള്‍ നാട്ടില്‍ കഷ്ട്ടത അനുഭവിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അച്ഛന് അവരെ സഹായിക്കണം അതിനു വേണ്ടി ഞാന്‍ പണം അയച്ചു തരാം എന്നു പറഞ്ഞു പലപ്പോഴും പണം അയച്ചു നല്‍കിയിട്ടുണ്ട്. അതോടൊപ്പം ഒരു അധ്യാപകന് എന്നനിലയില്‍ പഠിപ്പിക്കുന്ന കുട്ടികളില്‍ പുറകില്‍ നില്‍ക്കുന്നവരെ മുന്‍പോട്ടു കൊണ്ടുവരാനും അദ്ദേഹം ശ്രമം നടത്തിയിരുന്നു, തന്റെ കൂടെ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായാല്‍ അത് അന്വഷിച്ച് പോയി സഹായിക്കുന്ന ആളായിരുന്നു ജോണ്‍ മാഷ് എന്നും ഫാദര്‍ ലൂക്ക് കൂട്ടി ചേര്‍ത്തു.
പള്ളിയില്‍ നന്ദി പറഞ്ഞ വികാരി അച്ഛന് ജോണ്‍ മാഷിന്റെ ബോഡി നാട്ടില്‍ കൊണ്ടുവരാന്‍ സഹായിച്ച ലിവര്‍പൂള്‍ മലയാളി സമൂഹത്തിനും, ബോഡി പൊതു ദര്‍ശനത്തിനു വച്ച സെയിന്റ് ഹെലെന്‍സിലെ പള്ളിയിലെ സമൂഹത്തിനും ഹൃദയം തുറന്ന നന്ദി പറഞ്ഞു ഒരു ഫേസ് ബുക്ക് അക്കൗണ്ട് പോലും ഇല്ലാതിരുന്നിട്ടും ഒരിക്കല്‍ കണ്ടുമുട്ടി സംസരിക്കുകയോ, അല്ലെങ്കില്‍ ഒരു ഫോണ്‍ സംസരത്തിലൂടെയോ UK മലയാളികളുടെ മനസ്സില്‍ ഇടം നേടിയ;ആളായിരുന്നു ജോണ്‍ മാഷ്.
ജാഡകള്‍ ഇല്ലാത്ത കേവലം ഒരു പച്ച മനുഷ്യന് ആയി നമ്മുടെ ഇടയില്‍ ജീവിച്ച ജോണ്‍ മാഷിന്റെ ഭൗതിക സാന്നിധ്യം ഭൂമിയില്‍ നിന്ന് ഇല്ലാതെ ആയപ്പോള്‍ അദ്ദേഹതെ സ്നേഹിച്ചവര്‍ക്ക് ഹൃദയത്തിന്റെ കോണില്‍ ഈ വേര്‍പാട് ഒരു വേദനയായി അവശേഷിക്കും എന്നത് യഥാര്‍ഥ്യമാണ്
കഴിഞ്ഞ ഒമ്പതാം തിയതി ബുധനാഴ്ച ലിവര്‍പൂളിലെ വിസ്ടോന്‍ ഹോസ്പിറ്റലില്‍ നടന്ന ശാസ്ത്രക്രിയയെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്. സെയിന്റ് ഹെലന്‍സില്‍ ആണ് അദ്ദേഹവും രണ്ടു കുട്ടികളും ഭാരിയും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല