സ്വന്തം ലേഖകന്‍: കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ 10 ന് നടക്കാന്‍ സാധ്യത. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ പുനര്‍വിഭജന നടപടികള്‍ പ്രതീക്ഷിച്ചതിലും നേരത്തേ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണു നവംബര്‍ പത്തിനോടടുപ്പിച്ചു തിരഞ്ഞെടുപ്പു നടക്കാന്‍ സാധ്യത തെളിയുന്നത്.
നവംബര്‍ 15നകം വോട്ടെടുപ്പു നടത്താനാണു കമ്മിഷനും സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ നേരത്തേ ധാരണ ആയിരുന്നത്. 17നു ശബരിമല സീസണ്‍ തുടങ്ങുന്ന സാഹചര്യം കൂടി പരിഗണിച്ചായിരുന്നു ഇത്. അതിനനുസരിച്ചു ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ പുനര്‍വിഭജന നടപടികള്‍ ക്രമീകരിക്കുകയും ചെയ്തു. ഒക്ടോബര്‍ പത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍.
ഡീലിമിറ്റേഷന്‍ കമ്മിഷന്റെ നേതൃത്വത്തിലുള്ള നടപടിക്രമങ്ങളും സര്‍ക്കാര്‍ നടപടികളും പ്രതീക്ഷിച്ചതിലും വേഗത്തില്‍ പൂര്‍ത്തിയാകുന്നുവെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ബ്ലോക്ക് പഞ്ചായത്ത് പുനര്‍വിഭജന നടപടികള്‍ 25നു മുമ്പും ജില്ലാ പഞ്ചായത്ത് പുനര്‍വിഭജനം 30നു മുമ്പും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു കണക്കുകൂട്ടല്‍.
സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് 29 നകവും പൂര്‍ത്തിയാകും.30 നു പ്രഖ്യാപനമുണ്ടായാല്‍ ഒക്ടോബര്‍ ഒന്നിനു തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല