സ്വന്തം ലേഖകന്‍: പകല്‍യാത്രാ സ്ലീപ്പര്‍ ടിക്കറ്റുകള്‍ വീണ്ടും കൗണ്ടറില്‍, ജനരോഷത്തിനു മുന്നില്‍ റയില്‍വേ മുട്ടുമടക്കി. യാത്രക്കാരുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് സ്ളീപ്പര്‍, എ.സി ക്ളാസ് ടിക്കറ്റുകള്‍ തത്സമയ കൗണ്ടറുകളിലൂടെ വിതരണം ചെയ്യേണ്ടെന്ന ഉത്തരവ് പാലക്കാട് റെയില്‍വേ ഡിവിഷന് പിന്‍വലിച്ചു. തിരുവനന്തപുരം ഡിവിഷനില്‍ വിവാദ ഉത്തരവ് നടപ്പാക്കിയിരുന്നില്ല.
കൗണ്ടറുകളില്‍ പകല്‍ യാത്രക്ക് സ്ലീപ്പര്‍ ടിക്കറ്റ് കൊടുക്കുന്നത് നിറുത്തിയതോടെ ജനറല്‍ കമ്പാര്‍ട്ട്മെന്റുകളില്‍ കയറാന്‍ കഴിയാത്ത തിരക്കായിരുന്നു. സ്ലീപ്പറില്‍ കയറാന്‍ കഴിയാതെ ആയിരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വലഞ്ഞത്. ജനറല്‍ ടിക്കറ്റെടുത്ത ശേഷം ടി.ടി.ഇയെ സമീപിച്ച് സ്ളീപ്പര്‍ ടിക്കറ്റ് ഒഴിവുണ്ടെങ്കില്‍ അധിക തുക നല്കി ടിക്കറ്റ് അപ്ഗ്രേഡ് ചെയ്ത് സ്ളീപ്പറില്‍ കയറാം എന്നായിരുന്നു തലതിരിഞ്ഞ ഉത്തരവ്.
ടി.ടി.ഇയുടെ അനുവാദമില്ലാതെ കയറിയാല്‍ പിഴ ഈടാക്കും.
റെയില്‍വേ യാത്രക്കാരുടെ സംഘടനകളും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ നേതാക്കളും യുവജന സംഘടനകളും പ്രതിഷേധമുയര്‍ത്തിയത് റെയില്‍വേയെ സമ്മര്‍ദ്ദത്തിലാക്കി. സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേ മന്ത്രിക്കും ജനറല്‍ മാനേജര്‍ക്കും ദക്ഷിണ റെയില്‍വേക്കും പരാതി നല്കി. തുടര്‍ന്ന് ഉത്തരവ് നടപ്പാക്കുന്നത് നിറുത്തിവച്ചതായി സര്‍ക്കാരിനെ റയില്‍വേ ഇന്നലെ അറിയിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല