സ്വന്തം ലേഖകന്‍: പ്രതിഷേധം വ്യാപകം, വാട്സാപ്പ് രഹസ്യ ബില്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ദേശീയ രഹസ്യ സന്ദേശ (എന്‍ക്രിപ്ഷന്‍) കരടുനയം പോരായ്മകള്‍ നീക്കി വീണ്ടും കൊണ്ടുവരുമെന്നു മന്ത്രിസഭാ യോഗത്തിനു ശേഷം ഐടി, ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
ഇന്റര്‍നെറ്റ് സന്ദേശങ്ങള്‍ നിരീക്ഷണ വിധേയമാക്കാന്‍ വ്യവസ്ഥചെയ്യുന്ന കരടു നയം കഴിഞ്ഞ ദിവസമാണു സര്‍ക്കാര്‍ പുറത്തുവിട്ടത്. ദേശീയ ചര്‍ച്ചയ്ക്കും ആശയസംവാദത്തിനും ശേഷം നയം രൂപപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇ–മെയില്‍, വാട്സാപ്, സ്വകാര്യ ബിസിനസ് സര്‍വറുകളിലെ വിവരങ്ങള്‍ തുടങ്ങിയവ പരിശോധിക്കുന്നതിനു സര്‍ക്കാരിന് അധികാരം നല്‍കുന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകളാണു വിദഗ്ധസമിതി തയാറാക്കിയ കരടു രേഖയിലുണ്ടായിരുന്നത്.
സന്ദേശങ്ങള്‍ മൂന്നുമാസം വരെ സൂക്ഷിക്കണമെന്നും ശുപാര്‍ശയുണ്ടായിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ് നിയമമെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാല്‍ അതല്ല സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രഹസ്യസന്ദേശങ്ങളുമായി ബന്ധപ്പെട്ടു ലോകരാജ്യങ്ങള്‍ക്കെല്ലാം വ്യക്തമായ നയമുണ്ട്. സുരക്ഷാതാല്പര്യം മുന്‍നിര്‍ത്തി, രഹസ്യാവരണമുള്ള (എന്‍ക്രിപ്റ്റഡ്) സന്ദേശങ്ങളെ നിരീക്ഷിക്കാന്‍ മാത്രമാണ് ഉദ്ദേശിച്ചത്.
ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നു തോന്നിയതുകൊണ്ടാണു രേഖ പിന്‍വലിച്ചത്. പോരായ്മകള്‍ നികത്തി ഇതു വീണ്ടും ദേശീയ സംവാദത്തിനു സമര്‍പ്പിക്കും. ഇതേസമയം, വ്യക്തിസ്വാതന്ത്ര്യം ഹനിക്കാനുള്ള സര്‍ക്കാരിന്റെ ദുഷ്ടലാക്കാണ് ഒരിക്കല്‍ക്കൂടി വെളിപ്പെടുന്നതെന്നു കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി രണ്‍ദീപ് സിങ് സുര്‍ജേവാല കുറ്റപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല