സ്വന്തം ലേഖകന്‍: ഓസ്ട്രിയയില്‍ നിന്ന് ജര്‍മ്മനിയിലേക്കുള്ള റയില്‍പ്പാത അടച്ചു, മറ്റു വഴികള്‍ തേടി അഭയാര്‍ഥികള്‍. അഭയാര്‍ഥികള്‍ പ്രധാനമായും ആശ്രയിച്ചിരുന്ന റയില്‍പ്പാതയാണ് ജര്‍മ്മന്‍ അധികൃതര്‍ ഒക്ടോബര്‍ നാലുവരെ അടച്ചിട്ടത്. എന്നാല്‍, മറ്റു മാര്‍ഗങ്ങളിലൂടെ ജര്‍മനിയിലേക്കുള്ള യാത്ര അഭയാര്‍ഥികള്‍ തുടരുകയാണ്.
അതേസമയം അഭയാര്ഥികള്ക്കിടയില്നിന്നു തീവ്രവാദ സംഘടനയിലേക്ക് ആളെ ചേര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ജര്‍മന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനു മുന്നറിയിപ്പു നല്കി. ഒറ്റയ്ക്കു ജര്‍മനിയിലെത്തുന്ന ചെറുപ്പക്കാരായ അഭയാര്‍ഥികളെ രാജ്യത്തെ മത തീവ്രവാദ സംഘടനകള്‍ ലക്ഷ്യമിട്ടിരിക്കുകയാണെന്നാണു കണ്ടെത്തല്‍.
അഭയാര്‍ഥിപ്രശ്നം ചര്‍ച്ചചെയ്യാനായി യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ അടിയന്തര ഉച്ചകോടി ബ്രസല്‍സില്‍ ഇന്നു തുടങ്ങാനിരിക്കേ, 28 അംഗരാജ്യങ്ങള്‍ അഭയാര്‍ഥികളെ പങ്കിട്ടെടുക്കണമെന്ന ശുപാര്‍ശ ചെക്ക് റിപ്പബ്ലിക് തള്ളിക്കളഞ്ഞു. അതിര്‍ത്തി രാജ്യങ്ങളായ ഹംഗറിയും ക്രൊയേഷ്യയും അഭയാര്‍ഥികളെ സ്വീകരിക്കാനാവില്ലെന്ന നിലപാടു നേരത്തേ വ്യക്തമാക്കിയിരുന്നു.
അഭയാര്‍ഥികളുടെ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉത്തരവാദിത്തത്തോടെ പ്രതികരിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ വിഭാഗവും കുറ്റപ്പെടുത്തി. ആഭ്യന്തരയുദ്ധം മൂലം സിറിയയില്‍ മാത്രം ഒരു കോടിയോളം പേര് നിരാലംബരായിട്ടുണ്ട്. യൂറോപ്പിലേക്കെത്തുന്ന അഭയാര്‍ഥികളുടെ പുനര്‍വിന്യാസം കൊണ്ടുമാത്രം പ്രശ്നം തീരില്ലെന്നും പുനരധിവാസം മുഖ്യമാണെന്നും യുഎന്‍ ഏജന്‍സി അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല