സ്വന്തം ലേഖകന്‍: എന്ന് നിന്റെ മൊയ്തീനും വിടി ബല്‍റാം എംഎല്‍എയും തമ്മില്‍ എന്താണ് പ്രശ്‌നം. പ്രത്വിരാജ് നായകനായ എന്ന് നിന്റെ മൊയ്തീന്‍ കേരളമാകെ തരംഗമാകുമ്പോള്‍ എന്ന് നിന്റെ മൊയ്തീന്‍ സിനിമയുടെ രാഷ്ട്രീയത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുനയാണ് വിടി ബല്‍റാം.
എന്ന് നിന്റെ മൊയ്തീന്‍ കണ്ട ശേഷം, എല്ലാ കാമുകന്മാരും കമ്യൂണിസ്റ്റുകാരാണ് എന്ന് പ്രചരിപ്പിച്ചു നടക്കുന്ന സിപിഎം അനുഭാവികളെ കളിയാക്കുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ്. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരനായിരുന്ന മൊയ്തീന്‍ കമ്യൂണിസ്റ്റ് എന്നാണ് ഇപ്പോള്‍ പറയുന്നതെന്ന് ബല്‍റാം ചൂണ്ടിക്കാട്ടുന്നു.
മൊയ്തീന്‍ കമ്മ്യൂണിസ്റ്റുകാരനായിരുന്നു, എല്ലാ നല്ലവരും ബൈ ഡിഫോള്‍ട്ട് കമ്മ്യൂണിസ്റ്റുകാരായിരിക്കും എന്നൊക്കെയുള്ള ധാരണപ്പുറത്ത് ചില നിഷ്‌ക്കളങ്ക സൈബര്‍ സഖാക്കള്‍ മൊയ്തീന്റെ പേരില്‍ ഇറക്കിയ ഫോട്ടോ കമന്റുകളും ഇതേപോലെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
കാര്യങ്ങളുടെ സത്യാവസ്ഥ അറിയാന്‍ മെനക്കെടുക എന്നത് അവരുടെ ശീലമല്ലാത്തതുകൊണ്ടും തെറിവിളിയും പൊങ്കാലയിടലുമാണു അതിനേക്കാള്‍ എളുപ്പമായി അവര്‍ കരുതുന്നതെന്നതിനാലും അവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നാണ് അദ്ദേഹം പോസ്റ്റില്‍ പറയുന്നത്.
നേരത്തെ വിടി ബല്‍റാമിന്റെ ആദ്യ പോസ്റ്റ്, പൃഥ്വിരാജിനെ ലക്ഷ്യം വെച്ചായിരുന്നു എന്നും പൃഥ്വിരാജ് ഇതിന് തക്ക മറുപടി നല്‍കി എന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നിരുന്നു. എന്നാല്‍ പൃഥ്വിരാജ് തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നും വി ടി ബല്‍റാം പറയുന്നു.
എന്ന് സ്വന്തം മൊയ്തീന്‍ സിനിമയില്‍ പരാമര്‍ശിക്കുന്ന രാഷ്ട്രീയ കാര്യങ്ങളില്‍ തിരക്കഥാകൃത്തിനും സംവിധായകനും ആവശ്യത്തിലേറെ പിശകുകള്‍ പറ്റിയിട്ടുണ്ട് എന്നായിരുന്നു ബല്‍റാമിന്റെ ആദ്യ പോസ്റ്റ്. കല്യാണമാലോചിച്ച് വരുന്നവരോട് മൊയ്തീന്‍ പറയുന്നത് ഇപ്പോള്‍ കേരളം ഭരിക്കുന്നത് ആര്‍ ശങ്കറിന്റെ സര്‍ക്കാരാണെന്നാണ്. കേരളത്തില്‍ ആര്‍ ശങ്കര്‍ മുഖ്യമന്ത്രി ആയിരുന്നത് 1962 64 കാലഘട്ടത്തിലാണ്. കൂടാതെ ജവഹര്‍ലാല്‍ നെഹ്രു ആണ് അക്കാലത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി. പിന്നീട് രണ്ടു വര്‍ഷം കൂടി കഴിഞ്ഞ് 1966 ല്‍ മാത്രമാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആവുന്നത്. എന്നാല്‍ സിനിമയില്‍ പ്രധാനമന്ത്രി എന്ന നിലയില്‍ തുടക്കം മുതല്‍ തന്നെ ആവര്‍ത്തിച്ച് സൂചിപ്പിക്കുന്നത് ഇന്ദിരാഗാന്ധിയെക്കുറിച്ചാണ്.
നാടകത്തിലൂടെയും മറ്റും മൊയ്തീന്‍ നടത്തുന്ന സാമൂഹിക ഇടപെടലുകളെ ഒരുമാതിരി കോമാളിവല്‍ക്കരിച്ചതിലൂടെ നിസ്വാര്‍ത്ഥനും പൊതുകാര്യ പ്രസക്തനുമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ആ വ്യക്തിത്ത്വത്തെ വേണ്ടത്ര തിളക്കത്തോടെ അവതരിപ്പിക്കാനും സംവിധായന് കഴിയാതെപോയി എന്നും ബല്‍റാം പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല