ഗര്‍ഭകാലം പ്രതീക്ഷയുടേയും കാത്തിരിപ്പിന്റേയും കാലമാണ്. വീട്ടിലേക്ക് പുതിയൊരു അംഗംകൂടി കടന്നുവരുന്നതിന്റെയും ദമ്പതികള്‍ക്കിടയില്‍ സ്നേഹത്തിന്റെ അടയാളമായി ഒരാള്‍ മാറുന്നതിന്റെയുമൊക്കെ കാലമാണ് ഗര്‍ഭകാലം. എന്നാല്‍ അറിവില്ലായ്മകൊണ്ട് കാണിക്കുന്ന ചെറിയ കാര്യങ്ങള്‍ ഗര്‍ഭകാലത്തെ വേദനയുടെ കാലമാക്കി മാറ്റാറുണ്ട്. അതില്‍ ഗര്‍ഭകാലത്ത് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണം കഴിക്കുന്നത് കാണാം, അല്ലെങ്കില്‍ കഠിനജോലികള്‍ ചെയ്യുന്നതാകാം, അതുമല്ലെങ്കില്‍ നേരാംവണ്ണമുള്ള പരിചരണം കിട്ടാത്തതുമാകാം. എന്നാല്‍ ഇതിനെക്കാളൊക്കെ പ്രധാനമാണ് കിടപ്പുരീതിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?
ഇപ്പോള്‍ പുറത്തുവരുന്ന ചില പഠനങ്ങളാണ് മറ്റേന്തിനെക്കാളും പ്രധാനമാണ് കിടപ്പുരീതിയെന്ന് വ്യക്തമാക്കുന്നത്. ഇടതുവശം ചരിഞ്ഞ് കിടന്നാല്‍ അബോര്‍ഷനുള്ള സാധ്യത കുറയുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. വലതുവശം ചരിഞ്ഞാണ് കിടക്കുന്നതെങ്കില്‍ കുഞ്ഞിന് നേരാംവണ്ണം ഒക്സിജന്‍ ലഭിക്കില്ലെന്നും രക്തം വിതരണം തടസ്സപ്പെടുമെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ വലതുവശം ചരിഞ്ഞ് കിടക്കുന്നത് അബോര്‍ഷന്‍ ആകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ഇടതുവശം ചരിഞ്ഞാണ് കിടക്കുന്നതെങ്കില്‍ കുഞ്ഞിന് ആവശ്യത്തിനുള്ള ഓക്സിജന്‍ ലഭിക്കുമെന്നതിനാല്‍ ഒരു കുഴപ്പവുമുണ്ടാകില്ലെന്നും ആരോഗ്യരംഗത്തെ വിദഗ്ദര്‍ വ്യക്തമാക്കുന്നുണ്ട്. കിടപ്പുരീതി ഗര്‍ഭകാലത്തിന്റെ ആദ്യസമയത്ത് മാത്രം നോക്കിയാല്‍ പോരെന്നാണ് വിദഗ്ദര്‍ വെളിപ്പെടുത്തുന്നത്. ഒരു സംഘം ഡോക്ടര്‍മാര്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഗര്‍ഭകാലത്തെ കിടപ്പുരീതിയുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
500 ഓളം ഗര്‍ഭിണികളില്‍ നടത്തിയ നിരീക്ഷണങ്ങളാണ് തങ്ങളുടെ പഠനത്തിന് ആധാരമെന്ന് ഡോക്ടര്‍മാരുടെ സംഘം അവകാശപ്പെടുന്നു. ഗര്‍ഭിണികള്‍ ഇടതുവശം ചരിഞ്ഞ് കിടക്കുകയെന്നത് പ്രചരിപ്പിക്കുകയെന്ന ദൗത്യം ഏറ്റെടുക്കാന്‍ തന്നെയാണ് പഠനം നടത്തിയ സംഘത്തിലെ ഡോക്ടര്‍മാരുടെ പദ്ധതി. ബ്രിട്ടീഷ് ആരോഗ്യവിദഗ്ദനായ ഡോ. ലൂസി ചാപ്പല്‍ ഈ പഠനത്തെ അഭിനന്ദിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഇനിയും കൂടുതല്‍ പഠിക്കണമെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല