മദ്യപിച്ചു ഫിറ്റായി കോണ്‍ തെറ്റി വഴിയിലും ,പറമ്പിലും, ബസ്റ്റാന്റ്റിലും ഒക്കെ വീണുകിടക്കുന്ന കുടിയന്മാര് നമ്മള് മലയാളികള്‍ക്ക് ഒരു പുതുമയുള്ള കാഴ്ചയല്ല.ആരും അവരെ പറ്റി വലിയ ശ്രദ്ധ കൊടുക്കാറുമില്ല.പൂസിറങ്ങിക്കഴിഞ്ഞാല്‍ അവര്‍ തനിയെ എഴുന്നേറ്റ് വീട്ടില്‍പ്പൊയ്ക്കോളും എന്ന് നമ്മള്‍ക്കറിയാം.ഇത്തരം ‘കുടികിടപ്പ്’ സ്ഥിരപരിപാടിയാക്കിയ ചിലരൊക്കെ ഒന്നോ രണ്ടോ ദിവസങ്ങള്‍ കഴിഞ്ഞേ വീട്ടില്‍ പോലും എത്താറുള്ളൂ.അതൊരു ശീലമായിക്കഴിഞ്ഞാല്‍ ഏതാനും ദിവസത്തേക്ക് ഇവര്‍ വീട്ടിലെത്തിയില്ലെങ്കിലും കുടിയന്മാരുടെ വീട്ടുകാര്‍ പോലും അധികം വേവലാതിപ്പെടാറില്ല.അങ്ങിനെയൊരു മദ്യപന് സംഭവിച്ച ഒരു ദാരുണ അന്ത്യം ഇതിനോടകം വളരെ വാര്‍ത്താ പ്രാധാന്യം നേടിക്കഴിഞ്ഞു.
മധ്യപ്രദേശിലെ ഭോപ്പാലിനടുത്തുള്ള കട്നിയിലാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച സംഭവം നടന്നത്.അമിതമായി ദേശി ചാരായം കുടിച്ചു ലക്ക് കെട്ട് റോഡിലെ കുഴിയില്‍ വീണ ലത്തോരി ബര്മന് എന്ന നാല്പത്തഞ്ചുകാരനെയാണ് രാത്രിയില്‍ നടക്കുകയായിരുന്ന റോഡു ടാറിംഗ്പണിക്കിടെ തൊഴിലാളികള്‍ കുഴി നികത്തി ടാറിംഗ് നടത്തി മൂടിയത്.ഭാര്യാ വീട്ടിലെ സന്ദര്‍ശനത്തിനു ശേഷം ഒറ്റയ്ക്ക് സ്വഭവനത്തിലേക്ക് പോകുന്ന വഴിക്കാണ് ഇയാള്‍ ലക്കു കെട്ട് കുഴിയില്‍ വീണത്. ഭാര്യ സഹോദരന്മാര്ക്കൊപ്പം ഇയാള്‍ വല്ലാതെ മദ്യപിച്ചിരുന്നതായി പോലിസ് പറഞ്ഞു . കുഴിയില്‍ വീണ ശേഷം ചുരുണ്ട് കൂടി കിടന്നതിനാലാണ് രാത്രിയില്‍ പണി നടക്കുന്ന റോഡിലെ കുഴിയില്‍ വീണ ഇയാളെ കാണാതെ തൊഴിലാളികള്‍ കുഴിയടച്ച് ടാര്‍ ചെയ്യാനിടയായത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ശനിയാഴ്ച രാവിലെ ടാറിട്ട റോഡിന് മുകളില്‍ ശരീരഭാഗം കണ്ടതിനെ തുടര്‍ന്ന് കുഴിച്ചുനോക്കിയപ്പോഴാണ് ബര്‍മന്റെ മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മന:പൂര്‍വ്വമല്ലാത്ത നരഹത്യയുടെ പേരില്‍ നിര്‍മാണ തൊഴിലാളിയെയും കുഴിയടയ്ക്കുന്ന ‘ഡമ്പറിന്റെ’ ഡ്രൈവറെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.ഇതിനിടെ തൊഴിലാളികളുടെ അനാസ്ഥയില്‍ പ്രധിഷേധിച്ചു കൊണ്ട് ചില പ്രാദേശിക നേതാക്കള്‍ രംഗത്ത് വന്നു കഴിഞ്ഞു.ബര്മ്മന് കുഴിച്ചു മൂടപെട്ട റോഡിനു ഇയാളുടെ പേര് നല്‍കണമെന്നും ഈ നേതാക്കള്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല