നിതിന്‍ ജോസ് ഉറുമ്പേനിരപ്പേല്‍
സെപ്റ്റംബര്‍ 27,ഞായറാഴ്ച, കാഞ്ഞിരപ്പള്ളിയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട ദിവസമായിരുന്നു. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ,രണ്ടു യുവമനസുകളുടെ ചികിത്സക്കായി കാഞ്ഞിരപ്പള്ളിക്കാര്‍ ഒരേ മനസ്സോടെ ഇറങ്ങിത്തിരിച്ച് ,ലക്ഷ്യം നേടിയതിന്റെ മധുരമുള്ള ദിവസം. വിധിയുടെ വിളയാട്ടത്തില്‍ പകച്ചുപോയ സനില്‍ ചന്ദ്രനെയും, അനു തോമസിനെയും താങ്ങിത്തലോടാന്‍ കാഞ്ഞിരപ്പള്ളി ഒന്നാകെ കൈ കോര്‍ത്തപ്പോള്‍ വഴിമാറിയത് ചരിത്രമാണ്. ഞായറാഴ്ച്ച രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ നിന്നായി ആകെ സമാഹരിച്ചത്75 ലക്ഷത്തോളം രൂപ.വാഗ്ദാനങ്ങളും മറ്റ് സംഭാവനകളും ചേര്‍ക്കുമ്പോള്‍ ഒരു കോടിയോളം രൂപ കവിയുമെന്നാണ് കരുതുന്നത്.ഞെട്ടണ്ട;ഒരുമിച്ച് നിന്നാല്‍ എന്തും സാധിക്കും എന്ന് തെളിയിക്കുകയാണ് ഈ കാഞ്ഞിരപ്പള്ളിക്കാര്‍.
എന്ത്?എങ്ങനെ?
മഞ്ഞപ്പള്ളി കുറ്റുവേലില്‍ പരേതനായ ചന്ദ്രന്റെ മകന്‍ സനല്‍ ചന്ദ്രന്‍(25). മാനിടംകുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന ടാപ്പിങ് തൊഴിലാളി ബെന്നി തോമസിന്റെ മകള്‍ അനുമോള്‍ (23) എന്നിവരുടെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിയാണ് പഞ്ചായത്തുതല ജീവന്‍രക്ഷാസമിതി രൂപീകരിച്ചത്. രണ്ടര വയസിലാണ് അനുമോളുടെ ഹൃദയത്തില്‍ സുഷിരങ്ങള്‍ ഉള്ളതായി കണ്ടെത്തിയത്. അന്നു മുതല്‍ ചികില്‍സ നടത്തിവന്നെങ്കിലും പിന്നീട് ശ്വാസ കോശത്തെയും രോഗം തകരാറിലാക്കി.
പ്ലസ് ടുവിന് 60 ശതമാനം മാര്‍ക്കോടെ വിജയിച്ച അനുമോള്‍ക്ക് ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും പഠനം തുടരാന്‍ രോഗാവസ്ഥ അനുവദിച്ചില്ല. നടകള്‍ കയറാനും അധികം നടക്കാനും കഴിയാത്ത അവസ്ഥയിലായ അനുമോളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഹൃദയവും, ശ്വാസ കോശവും മാറ്റി വയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.ശസ്ത്രക്രിയ്ക്കും തുടര്‍ ചികില്‍സയ്ക്കുമായി 30 ലക്ഷത്തോളം രൂപ വേണ്ടി വരും.
ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സനല്‍ ചന്ദ്രന് അമ്മ ഓമന വൃക്ക നല്‍കാന്‍ തയ്യാറാണ്. വൃക്കമാറ്റിവയ്ക്കാന്‍ പത്ത് ലക്ഷത്തോളം രൂപ വേണ്ടി വരും. സനലിന്റെ അച്ഛന്‍ മരിച്ചു പോയി. സഹോദരിയും, ഭാര്യയും മൂന്നു വയസുള്ള കുഞ്ഞുമുള്ള സനല്‍ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. ടി.വി. മെക്കാനിക്കും, ഡ്രൈവറുമായിരുന്ന സനലിന്റെ രോഗം തളര്‍ത്തിയ കുടുംബത്തെ ഓമന കൂലിപ്പണി ചെയ്താണ് പോറ്റുന്നത്.
പഞ്ചായത്ത് നല്‍കുന്ന ‘പ്രത്യാശ’
ഫാ.സെബാസ്റ്റ്യന്‍ പുന്നശേരി നേതൃത്വം നല്‍കുന്ന ചങ്ങനാശേരി പ്രത്യാശാ ടീമും ഗ്രാമ പഞ്ചായത്തും ചേര്‍ന്നാണ് ഇവരുടെ ചികിത്സക്കാവശ്യമായ പണം കണ്ടെത്തുന്നതിന് ജീവന്‍ രക്ഷാസമിതി രൂപവല്‍ക്കരിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് പി.എ.ഷെമീര്‍ ചെയര്‍മാനായും,സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജനറല്‍ കണ്‍വീനറുമായുള്ള സമിതിയാണ് രൂപവല്‍ക്കരിച്ചത്.ഗ്രാമപഞ്ചായത്തിലെ 23വാര്‍ഡുകളിലെ 9000 വീടുകളില്‍ നേരിട്ടെത്തി സംഭാവനകള്‍ സ്വീകരിക്കുന്നതിനു 3000 സന്നദ്ധപ്രവര്‍ത്തകര്‍ 160 സ്‌ക്വാഡ്കളായി തിരിഞ്ഞു. ചികില്‍സയ്ക്കാവശ്യമായ 40 ലക്ഷം രൂപ കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും,ജനങ്ങള്‍ സഹകരിച്ചപ്പോള്‍ ഇരട്ടിയിലധികം തുക സമാഹരിക്കാനായി.ഇനിയും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഈ സമിതിയുടെ നേതൃത്വത്തിലാകും സംഘടിപ്പിക്കുക. ഒരു പക്ഷെ ജാതി മത രാഷ്ട്രീയ പാര്‍ട്ടി വ്യത്യാസമില്ലാതെ കാഞ്ഞിരപ്പള്ളി ഒന്നാകെ ഒരുമിക്കുന്ന ആദ്യ സംരഭം ആയിരിക്കുമിത്.
ഫാ.സെബാസ്റ്റ്യന്‍ പുന്നശ്ശേരി
ഇല്ല;നമയുടെ ഉറവകള്‍ വറ്റിയിട്ടില്ല.
ഫാ.സെബാസ്റ്റ്യന്‍ പുന്നശ്ശേരി രണ്ടു മാസം മുമ്പ് പാറത്തോട് പഞ്ചായത്തിലും സമാനമായ പ്രവര്‍ത്തനം നടന്നിരുന്നു. ലില്ലിക്കുട്ടി, ടോമി എന്നിവരുടെ ജീവന്‍ രക്ഷിക്കുവാന്‍ പാറത്തോട് ഗ്രാമ പഞ്ചായത്തും പ്രത്യാശ ടീമും രൂപീകരിച്ച ജീവന്‍ രക്ഷാസമിതി ഓഗസ്റ്റ് 9ആം തീയതി നടത്തിയ ധനസമാഹരണത്തില്‍ 62 ലക്ഷം രൂപ ലഭിച്ചിരുന്നു . നിര്‍ധനരായ കറിപ്ലാക്കല്‍ ടോമി,മാത്തന്‍കുന്നേല്‍ ലില്ലിക്കുട്ടി എന്നിവരുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനായിരുന്നു അന്ന് നാട് ഒന്നിച്ചത്.നിര്‍ധന രോഗികള്‍ക്ക് ചികിത്സയെത്തിക്കുന്നതിന് ധനസമാഹരണത്തിന് മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി പ്രത്യാശ ടീം 45 പഞ്ചായത്തുകളിലായി 10 കോടിയോളം രൂപ 73 രോഗികള്‍ക്കായി ഇതിനോടകംസ്വരൂപിച്ചു നല്‍കിയിട്ടുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല