സ്വന്തം ലേഖകന്‍: സ്പെയിനിനെ തള്ളിപ്പറഞ്ഞ് സ്വതന്ത്ര്യ രാജ്യമാകാന്‍ കാറ്റലോണിയ, തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യ വാദികള്‍ക്ക് മുന്നേറ്റം. കാറ്റലോണിയയിലെ ഭരണപാര്‍ട്ടിയായ ടുഗെദര്‍ ഫോര്‍ യെസാണ് ഇടതു പാര്‍ട്ടി സിയുപിയോടു സഖ്യമുണ്ടാക്കി പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷം നേടിയത്.
ആകെയുള്ള 135 സീറ്റുകളില്‍ 72 എണ്ണമാണ് ആര്‍തര്‍ മാസിന്റെ നേതൃത്വത്തിലുള്ള ടുഗെദര്‍ ഫോര്‍ യെസ് സിയുപി കൂട്ടുകെട്ടില്‍ സ്വന്തമാക്കിയത്. സ്പെയിനിലെ ഈ വടക്കുകിഴക്കന്‍ സ്വയംഭരണപ്രദേശത്തിന് വരുന്ന പതിനെട്ടു മാസത്തിനുള്ളില്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള കളമൊരുങ്ങിക്കഴിഞ്ഞു.
സ്പെയിനില്‍ പൊതുതിരഞ്ഞെടുപ്പിനു മൂന്നുമാസം മാത്രം ബാക്കിനില്‍ക്കെ കാറ്റലോണിയയില്‍ സ്വാതന്ത്ര്യവാദികളുടെ തിരഞ്ഞെടുപ്പു വിജയം, സ്പെയിന് പ്രധാനമന്ത്രി മരിയാനൊ രജൊയ്ക്ക് കടുത്ത പ്രഹരമായി.
ഹിതപരിശോധനപോലും നടത്തേണ്ടെന്ന നിലപാടാണു രജൊയ് സര്‍ക്കാരിന്റേത്. കാറ്റലോണിയയെ സ്വതന്ത്രരാജ്യമാക്കാനുള്ള നീക്കങ്ങളെ അസംബന്ധമെന്ന് എഴുതിത്തള്ളുന്ന സ്പെയിന് ഭരണകൂടം കോടതിയുടെ സഹായം തേടാനൊരുങ്ങുകയാണ്.
ബ്രിട്ടന് വിടാനുള്ള സ്കോട്ലന്ഡിന്റെ വിഫലനീക്കം ലോകശ്രദ്ധ പിടിച്ചുപറ്റിയതിനു പിന്നാലെയാണു യൂറോപ്പില്‍ മറ്റൊരിടത്തുകൂടി സ്വാതന്ത്ര്യത്തിനായുള്ള ആവശ്യം ചൂടുപിടിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല