അപ്പച്ചന്‍ അഗസ്റ്റിന്‍: യുറോപ്പില്‍ സീറോ മലബാര്‍ സഭക്ക് അഭിമാനവും അനുഗ്രഹീതവുമായ ഇടവക ഉദ്ഘാടന കര്‍മ്മങ്ങളില്‍ പങ്കു ചേരുവാനായി യുറോപ്പിന്റെ നാനാ ഭാഗത്ത് നിന്നു വരെ എത്തപ്പെടുന്ന സഭാ മക്കള്‍ പ്രസ്റ്റനില്‍ ശനിയാഴ്ച വിശ്വാസി സാഗര അലയടി മുഴക്കും.സഭാ സ്‌നേഹം നെഞ്ചിലേറ്റിയ ഭാരത അപ്പസ്‌തോലന്‍ മാര്‍ത്തോമ്മാശ്‌ളീഹായുടെ പിന്‍ഗാമികള്‍ സീറോ മലബാര്‍ സഭാ പ്രഘോഷണ ദിനമാക്കിമാറ്റുവാന്‍ വിശ്വാസി കോട്ടയില്‍ ശനിയാഴ്ച്ചയിലേക്കുള്ള ദൂരം കിഴിച്ച് കൊണ്ടിരിക്കുന്ന ആവേശത്തിന്റെ ലഹരിഎങ്ങും കാണാം. പ്രസ്ഥുത ആത്മീയോത്സവത്തില്‍ യു കെ കാണുവാന്‍ പോകുന്ന ഏറ്റവും വലിയ വിശ്വാസി സമൂഹത്തെ സാക്ഷി നിറുത്തി സീറോ മലബാര്‍ സഭയുടെ ശ്രേഷ്ട ഇടയന്‍ കാര്‍ഡിനല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും നിര്‍വ്വഹിക്കും.
ലങ്കാസ്റ്റര്‍ രൂപതയുടെ കീഴില്‍ സഭക്ക് ലഭിച്ച സ്വന്തവും,സ്വതന്ത്രവുമായ ദേവാലയത്തിന്റെയും,രണ്ടു വ്യക്തിഗത ഇടവകകളുടെയും,ആത്മീയ അജപാലനം ലക്ഷ്യമാക്കി തുടങ്ങുന്ന കര്‍മ്മലീത്താ സന്യാസിനി മഠത്തിന്റെയും ഔദ്യോഗികമായ സമര്‍പ്പണവും, ഉദ്ഘാടനവും പ്രഖ്യാപനവും,ചെയ്യപ്പെടുന്ന അനുഗ്രഹീത ധന്യ ദിനം അര്‍ഹമായ എല്ലാ പ്രൌഡിയും,വിശുദ്ധിയും ആതിതേയത്വവും നിറഞ്ഞു നില്ക്കുന്ന ആഘോഷമാക്കി തീര്‍ക്കുവാന്‍ തീവ്രമായ ഒരുക്കങ്ങളിലാണ് പ്രസ്റ്റണ്‍ ഇടവകാംഗങ്ങളും ലങ്കാസ്റ്റര്‍ രൂപതയിലെ സഭാ മക്കളും.
വികാരി മാത്യു ജേക്കബ് ചൂരപോയികയില്‍ അച്ചന്റെ കീഴില്‍ ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ തോമസ് ജോണ്‍,സ്വാഗത സംഘം കണ്‍വീനര്‍ തോമസ് ജെയിംസ് എന്നിവരുടെ നേതൃത്വത്തില്‍ എണ്ണയിട്ട യന്ത്രം കണക്കെ വിവിധ കമ്മിറ്റികളും,പ്രസ്ട്ടന്കാരും തീവ്രമായ പ്രവര്‍ത്തനങ്ങളിലും,പ്രാര്‍ത്തനയിലും, ഒരുക്കത്തിലും മുഴുകിയിരിക്കുന്നു. ഇടവകകള്‍ക്ക് വേണ്ടതായ എല്ലാം ഇടവക മക്കള്‍ തന്നെ ഒരുക്കിക്കഴിഞ്ഞുവെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.ഇടവക മദ്ധ്യസ്ഥരുടെ വലിയ രൂപങ്ങള്‍, കുര്‍ബ്ബാന ദ്രവ്യങ്ങള്‍, ആഘോഷത്തിനായുള്ള സാധനങ്ങള്‍ തുടങ്ങി ഇടവക അവശ്യ സാധനങ്ങള്‍ പൂര്‍ണ്ണമായും പര്യാപ്തമാക്കുവാന്‍ സംഭാവനയായി നല്‍കുന്നതില്‍ ഇടവക മക്കള്‍ നിര്‍ലോഭം മത്സരിക്കുകയായിരുന്നു.
ഒക്ടോബര്‍ മൂന്നിന് ശനിയാഴ്ച രാവിലെ 9:00 മണിയോടെ ആരംഭിക്കുന്ന തിരുവോത്സവ തിരുക്കര്‍മ്മങ്ങളില്‍ കാര്‍ഡിനല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. സീറോ മലബാര്‍ സഭക്ക് സുവര്‍ണ്ണ നേട്ടം അനുവദിച്ചു അനുഗ്രഹിച്ചു തന്ന ലങ്കാസ്റ്റര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ മൈക്കിള്‍ കാംപെല്‍ തഥവസരത്തില്‍ അനുഗ്രഹ പ്രഭാഷണം ചെയ്യുന്നതാണ്.ലങ്കാസ്റ്റര്‍ രൂപതയിലെ രൂപതയിലെ സീറോ മലബാര്‍ ചാപ്‌ളിനും, ഇടവക വികാരിയുമായ മാത്യു ചൂരപൊയികയില്‍ അച്ചന്‍ വിശിഷ്ടാതിതികളെയും, സന്നിഹിതരായ എല്ലാ വിശ്വാസി സമൂഹത്തെയും തിരുക്കര്‍മ്മങ്ങളിലേക്ക് ഹാര്‍ദ്ധവമായി സ്വാഗതം ചെയ്യും. സീറോ മലബാര്‍ നാഷണല്‍ കോര്‍ഡിനെറ്റര്‍ ഫാ.തോമസ് പാറയടി ആശംശകള്‍ അര്പ്പിച്ചു സംസാരിക്കും.യു കെ യുടെ നാനാ ഭാഗത്തുനിന്നുമുള്ള ബഹുമാനപ്പെട്ട വൈദികരും, സിസ്റ്റെഴ്‌സും, അത്മായ സമൂഹവും അവരോടൊപ്പം യുറോപ്പില്‍ നിന്നുമെത്തുന്നവരും ചേര്‍ന്ന് ഈ വലിയ ആഘോഷത്തെ അവിസ്മരണീയ ആത്മീയോത്സവം ആക്കി മാറ്റും.
സീറോ മലബാര്‍ സഭയുടെ പ്രഥമ അദ്ധ്യക്ഷനും,പിതാവുമായ വി.ചാവറ കുര്യാക്കോസ് ഏലിയാസച്ചനും, പ്രാര്ത്തനയുടെതോഴിയായ വിശുദ്ധ എവുപ്രാസ്യമ്മയും,സഹനങ്ങളെ അനുഗ്രഹങ്ങളായി താലോലിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയും ലങ്കാസ്റ്ററില്‍ ഇടവകളുടെ മാദ്ധ്യസ്ഥരായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ അനുഗ്രഹങ്ങളുടെ പറുദീശയിലേക്കുള്ള ആഗമന വാതായനം തുറക്കപ്പെടുകയായി.
തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹീതരാകുവാനും,ചരിത്ര നിമിഷത്തില്‍ പങ്കു ചേരുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ആഘോഷ കമ്മിറ്റി സസ്‌നേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല