എന്‍ ആര്‍ ഐ മലയാളി ന്യൂസ് ബ്യൂറോ:
പാലായിലെ മുത്തോലി ഗ്രാമം ഇപ്പോഴും ഒരു വിറങ്ങലിലാണ്.മൂന്നു വര്‍ഷത്തിനുശേഷം അവധിയില്‍ നാട്ടിലേക്കു വരാന്‍ ഒരു മാസം കൂടി അവശേഷിക്കവേ കുവൈറ്റില്‍ കെട്ടിടത്തിന് തീപിടിച്ചു മരിച്ച തങ്ങളുടെ പ്രിയപ്പെട്ട ബോണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഈ കൊച്ചു പ്രദേശത്തെ ഓരോ മനുഷ്യരുടെയുള്ളിലും ഇപ്പോഴും തേങ്ങലുകള്‍ ഉയര്‍ത്തുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അഗ്‌നിഗോളങ്ങള്‍ വിഴുങ്ങിയ ആശുപത്രിക്കെട്ടിടത്തിനുള്ളിലേക്ക് താന്‍ പരിചരിച്ചു കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരിയെ രക്ഷിക്കാനായി ഓടിക്കയറിയ ബോണി എന്ന മലയാളി നേഴ്‌സ് പൊടുന്നനവേ ആഞ്ഞുകത്തിക്കയറിയ തീക്കുള്ളില്‍ പെട്ട് വെന്തു മരിക്കുകയായിരുന്നു.
പാലാ വട്ടക്കുന്നേല്‍ സണ്ണിയുടെ മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തെ മകളായിരുന്നു കുവൈറ്റില്‍ നെഴ്‌സായി ജോലി നോക്കിയിരുന്ന ബോണി എന്ന മുപ്പതു വയസ്സുകാരി.മൂന്ന് വര്‍ഷക്കാലം തുടര്‍ച്ചയായി ജോലി ചെയ്തശേഷം നവംബറില്‍ നാട്ടിലേക്ക് വരാന്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുമ്പോഴാണ് ഒരു കുടുംബത്തിന്റ്‌റെ സ്വപ്നങ്ങളെ തല്ലിക്കെടുത്തിയ ദുരന്തമെത്തിയത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി കുവൈറ്റിലെ സഫാഗിയിലെ പ്രൊഫഷണല്‍ മെഡിക്കല്‍ ഹോം കെയര്‍ കമ്പനിയുടെ ആശുപത്രിയിലാണ് ബോണി ജോലി ചെയ്തിരുന്നത്.ബി എസ് സി നേഴ്‌സിംഗ് പൂര്‍ത്തിയാക്കിയ ബോണി കുടുംബസുഹൃത്തായ ഒരു വൈദികന്റെ സഹായത്തോടെയാണ് കുവൈറ്റില്‍ ജോലിക്കെത്തിയത്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് കുവൈറ്റ് സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറാനുള്ള തയ്യാറെടുപ്പിലായിരുന്നു ഈ യുവതി.
ബോണി ഉള്‍പ്പെടെ മൂന്ന് നേഴ്‌സുമാര്‍ ജോലി ചെയ്യുന്ന ചെറിയ ക്ലിനിക്കിലാണ് അപകടമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് കെട്ടിടത്തിന് തീ പിടിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു. തീ ആളിപ്പടര്‍ന്നതോടെ നേഴ്‌സുമാര്‍ മൂന്ന് പേരും രക്ഷപെട്ട് പുറത്തെത്തി. എന്നാല്‍ ഈ സമയത്താണ് ബോണി താന്‍ പരിചരിച്ചിരുന്ന യുവതിയായ രോഗിയെക്കുറിച്ച് ഓര്‍ത്തത്. സ്വന്തം ജീവന്‍ സംരക്ഷിക്കാന്‍ ശ്രമിക്കാതെ ബോണി രോഗിയെ രക്ഷിക്കാന്‍ കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറി. യുവതിയെ താങ്ങിയെടുത്ത് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തീ മുറിയെ വിഴുങ്ങുകയായിരുന്നു. ഒരു നേഴ്‌സാകാന്‍ കഴിഞ്ഞതില്‍ എന്നും വളരെ അഭിമാനിച്ചിരുന്ന ബോണി പലപ്പോഴും തന്റ്‌റെ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ ഓര്‍മ്മിപ്പിച്ചിരുന്ന ഒരു കാര്യമുണ്ടായിരുന്നു;ഒരു രോഗിയുടെ കാവല്‍ മാലാഖയാണ് ഓരോ നേഴ്‌സും എന്ന കാര്യം.കാവല്‍ മാലാഖമാര്‍ ഒരിക്കലും പരാതിപ്പെടുന്നത് ദൈവത്തിന് ഇഷ്ട്ടമുള്ള കാര്യമല്ല എന്ന തന്റ്‌റെ മനോഗതം തികഞ്ഞ ദൈവ വിശ്വാസിയായിരുന്ന ഈ യുവതി എപ്പോഴും കൂട്ടുകാരികളോട് പറയുമായിരുന്നു. അങ്ങനെയൊരു ഉറച്ച ബോധ്യം ഉള്ളതിനാലാവണം തീഗോളങ്ങള്‍ വിഴുങ്ങിത്തുടങ്ങിയ ആ ആശുപത്രി കെട്ടിടത്തിനു മുന്‍പില്‍ ഒരു കാഴ്ച്ചക്കാരിയെപ്പോലെ ഭയന്നു നില്‍ക്കാതെ താന്‍ ഏറെ ദിവസങ്ങളായി സ്‌നേഹിച്ചു പരിചരിച്ചിരുന്ന യുവതിയുടെ അടുക്കലേക്കു ഓടിയെത്തി അവളെ രക്ഷിക്കുവാന്‍ ബോണി എന്ന മാലഖക്ക് തോന്നിയത്.അത് പക്ഷേ ഭൂമിയിലെ തന്റ്‌റെ നല്ല ഓട്ടം പൂര്‍ത്തിയാക്കി തിരിയെ വരുവാന്‍ ആ പെണ്‍കുട്ടിക്കുള്ള ദൈവത്തിന്റ്‌റെ ക്ഷണമായിരുന്നിരിക്കാം.
ഏറെ സുഹൃദ് ബന്ധങ്ങളുണ്ടായിരുന്ന ബോണി എല്ലാവരോടും സൗമ്യമായി ഇടപെടുന്ന സ്വഭാവമായിരുന്നു. നഴ്‌സിംഗിനൊപ്പം സാമൂഹ്യസേവനത്തിനും ബോണി താത്പര്യം കാട്ടിയിരുന്നതായി മുത്തോലിയിലെ ആളുകള്‍ ഓര്‍ക്കുന്നു.അതുകൊണ്ട് തന്നെയാണ് ആളിപ്പടരുന്ന അഗ്‌നിയിലും സ്വന്തം ജീവന് പ്രധാന്യം നല്‍കാതെ തന്റെ പരിചരണത്തിലുള്ള ആളുടെ ജീവന്‍ രക്ഷിക്കാനാണ് ബോണി മുന്‍ഗണന നല്‍കിയത് എന്ന് ഇവര്‍ ഉറച്ചു വിശ്വസിക്കുന്നു.
വെള്ളിയാഴ്ച ഇന്ത്യന്‍ സമയം 8 മണിയോടെയുണ്ടായ അപകട വിവരം രാത്രി 11 മണിയോടെ ബോണിയുടെ പിതാവ് സണ്ണിയുടെ മൊബൈലിലേക്ക് ബോണിയുടെ കുവൈറ്റിലെ സഹപ്രവര്‍ത്തകര്‍ വിളിച്ചറിയിക്കുകയായിരുന്നു. ദുരന്തവാര്‍ത്തയറിഞ്ഞ് സണ്ണിയും ഭാര്യ റാണിയും തളര്‍ന്നു വീണു.വിവരമറിഞ്ഞ് മുത്തോലിയിലെ വട്ടക്കുന്നേല്‍ വീട്ടിലെത്തിയ ബന്ധുക്കള്‍ ബോണിയുടെ നമ്പരിലേക്കും ക്ലിനിക്കിലേക്കും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രാത്രി വൈകിയാണ് കമ്പനി അധികൃതര്‍ ഔദ്യോഗികമായി അപകടവിവരം അറിയിച്ചത്.
ഹണി, സോണി എന്നീ രണ്ടു സഹോദരങ്ങളാണ് ബോണിക്കുള്ളത്. സണ്ണിയുടെ സഹോദരിമാരുടെ മക്കളും ഗള്‍ഫ് നാടുകളിലാണ് ജോലി ചെയ്യുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാരംഭിച്ചെങ്കിലും കുവൈറ്റിലാകെ പെരുന്നാള്‍ അവധിമൂലം എംബസിയുടെ നടപടികളാരംഭിക്കാന്‍ വൈകിയതും ഏറെ വിഷമങ്ങള്‍ക്ക് ഇടയാക്കി.
ചുരുങ്ങിയ ജീവിതമെങ്കിലും അസാധാരണമായ മരണത്തിലൂടെ ഭൂമിയിലെ മാലാഖമാരായ നേഴ്‌സുമാരുടെ യശസ്സ് ഉയര്‍ത്തിയ ബോണി എന്ന മാലാഖയുടെ ജീവിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ എന്‍ ആര്‍ ഐ മലയാളി ടീമിന്റ്‌റെ അശ്രുപൂജകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല