സ്വന്തം ലേഖകന്‍: ഡിജിറ്റല്‍ ഇന്ത്യ പ്രൊഫൈല്‍ മാറ്റ വിവാദം, വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്ത്. ഡിജിറ്റല്‍ ഇന്ത്യ പിന്തുണയുടെ ഭാഗമായി ഫെയ്സ് ബുക്കില്‍ പ്രൊഫൈല്‍ പടം ത്രിവര്‍ണമാക്കുന്നത് ഫേസ്ബുകിന്റെ ഇന്റര്‍നെറ്റ് ഓര്‍ഗിന് ആളെക്കൂട്ടാനാണെന്ന ആരോപണം ശക്തമായതോടെയാണ് ഫേസ്ബുക്ക് രംഗത്തുവന്നത്. നേരത്തെ പ്രൊഫൈല്‍ മാറ്റം യഥാര്‍ഥത്തില്‍ ഇന്റര്‍നെറ്റ് സമത്വത്തിനെതിരായ പിന്തുണ തേടലാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
‘ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ് പ്രൊഫൈല്‍ പിക്ചര്‍’ എന്ന് ഒരു എന്‍ജിനീയര്‍ ഫയല്കോഡിന്റെ ഭാഗമായി അബദ്ധത്തില്‍ രേഖപ്പെടുത്തിയതാണെന്നും പ്രൊഫൈല്‍ പടം മാറ്റലിന് ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗുമായി ബന്ധമില്ലെന്നുമാണു വിശദീകരണം. support the # DigitalIndia പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം ഫെയ്സ് ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബെര്‍ഗ് തന്റെ ഫെയ്സ്ബുക്ക് പടം ത്രിവര്ണമാക്കിയതോടെ ഇന്ത്യക്കാരെല്ലാം അതു പിന്തുടരുകയായിരുന്നു. ഇതിനായി fb.com/supportdigitalindia യില്‍ ക്ലിക്ക് ചെയ്തവരുടെയെല്ലാം പടം ത്രിവര്ണമായി.
എന്നാല്‍ ചിലര്‍ ഇതിന്റെ സോഴ്സ് കോഡ് പരിശോധിച്ചപ്പോള്‍ ‘ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ് പ്രൊഫൈല്‍ പിക്ചര്‍’ എന്നു കണ്ടെത്തിയതോടെ വിവാദമായി. ഓരോ തവണ ഡിജിറ്റര്‍ ഇന്ത്യ പ്രചാരണത്തിനു ക്ലിക്ക് ചെയ്യുമ്പോഴും ഇന്റര്‍നെറ്റ് സമത്വത്തിനെതിരായ ഫെയ്സ്ബുക്കിന്റെ പ്രചാരണത്തിനാണു അംഗങ്ങള്‍ വോട്ട് ചെയ്യുന്നതെന്നു ചൂണ്ടിക്കാട്ടി വിമര്‍ശകര്‍ രംഗത്തെത്തി. ഫെയ്സ്ബുക്ക് നടപടി കടുത്തവഞ്ചനയാണെന്ന് അംഗങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങിയതോടെയാണു മാധ്യമങ്ങള്‍ക്ക് അധികൃതര്‍ വിശദീകരണം നല്‍കിയത്.
സാംസങ്, മീഡിയ ടെക്, എറിക്സണ്, നോക്കിയ, ഓപ്പറ സോഫ്ട്വെയര്, ക്വാല്‍കോം എന്നീ ആറു ഭീമന് കമ്പനികളുടെ ഇന്റര്‍നെറ്റ് സേവനങ്ങളെ ഒരു പ്രതലത്തില്‍ കൊണ്ടുവരുന്ന ഫെയസ്ബുക്ക് സംരംഭമാണ് ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ്. ഇതിലൂടെ വികസ്വര രാജ്യങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനമാണു വാഗ്ദാനം. ഇന്ത്യയില്‍ റിലയന്‍സ് കണക്ഷന് ഉള്ളവര്‍ക്കു മാത്രമേ ഈ സേവനം ലഭ്യമാകൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല