സ്വന്തം ലേഖകന്‍: റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു, ഭവന, വാണിജ്യ, വാഹന വായ്പകളുടെ പലിശ കുറയും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശനിരക്കില്‍ അര ശതമാനം കുറവുവരുത്തിയതോടെയാണിത്. വാണിജ്യ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്കുന്ന ഹ്രസ്വകാല വായ്പയുടെ (റീപോ) പലിശ 7.25 ശതമാനത്തില്‍നിന്ന് 6.75 ശതമാനത്തിലേക്കു കുറച്ചതായി ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് പ്രഖ്യാപിച്ചു.
റിസര്‍വ് ബാങ്ക് പ്രഖ്യാപനത്തെ തുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്ബിടി), ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക് എന്നിവ പലിശനിരക്കു കുറച്ചു. നാലര വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായി റീപോ നിരക്ക്. ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ പക്കല്‍ നിക്ഷേപമായി സൂക്ഷിക്കുന്ന പണത്തിനുള്ള പലിശനിരക്ക് (റിവേഴ്സ് റീപോ) അര ശതമാനം കുറച്ച് 5.75 ശതമാനമാക്കുകയും ചെയ്തു.
റിസര്‍വ് ബാങ്ക് പ്രഖ്യാപനം വന്നയുടന്‍ ഓഹരി വിലസൂചികകള്‍ കുതിച്ചു കയറി. വിപണിയില്‍ വ്യാപാരം ആരംഭിച്ചശേഷം ഒരു മണിക്കൂറിനകം 300 പോയിന്റ് വരെ ഇടിഞ്ഞുനിന്ന സെന്‍സെക്സ് 750 പോയിന്റോളം കുതിച്ചു. ലാഭമെടുപ്പു വില്പന ശക്തമായതോടെ അന്തിമനേട്ടം മുന്‍ദിവസത്തെക്കാള്‍ 161.82 പോയിന്റില്‍ ഒതുങ്ങി.
ജനുവരിക്കുശേഷം കാല് ശതമാനം വീതം മൂന്നുതവണ റിസര്‍വ് ബാങ്ക് പലിശനിരക്കു കുറച്ചിരുന്നു. അങ്ങനെ 0.75% കുറച്ചിട്ടും ബാങ്കുകള്‍ വായ്പാ പലിശയില്‍ ശരാശരി 0.30% കുറവേ വരുത്തിയിട്ടുള്ളൂ. ഇപ്പോഴത്തേതടക്കം ഒന്നേകാല്‍ ശതമാനമാണു റിസര്‍വ് ബാങ്ക് ഇക്കൊല്ലം പലിശനിരക്കു കുറച്ചത്. ഇനിയെങ്കിലും ബാങ്കുകള്‍ ഇതിന്റെ മെച്ചം ഇടപാടുകാര്‍ക്കു ലഭ്യമാക്കുമെന്നാണു പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല