സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ സിറിയയില്‍ റഷ്യ വ്യോമാക്രമണം തുടങ്ങി, നടപടി അമേരിക്കയുടെ അപ്രിയം മറികടന്ന്. വിദേശരാജ്യത്തെ സൈനിക ഇടപെടലിനു റഷ്യന്‍ പാര്‍ലമെന്റിന്റെ അനുമതി ലഭിച്ചതോടെയാണ് വ്യോമാക്രമണത്തിനു പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് ഉത്തരവിട്ടത്.
1979 ലെ അഫ്ഗാനിസ്ഥാന് അധിനിവേശത്തിനുശേഷം ഇതാദ്യമായാണ് ഒരു വിദൂര രാജ്യത്ത് റഷ്യയുടെ സൈനിക ഇടപെടല്‍. അയല്‍രാജ്യമായ യുക്രെയ്നില്‍നിന്ന് ക്രൈമിയ പിടിച്ചെടുക്കാന്‍ റഷ്യ കഴിഞ്ഞവര്‍ഷം സേനയെ അയച്ചിരുന്നു. ‘ഐഎസിനെതിരെ റഷ്യയുടേത് മുന്‍കൂര്‍ കടന്നാക്രമണമാണ്. രാജ്യാന്തര ഭീകരപ്രവര്‍ത്തനം ചെറുക്കാനുള്ള ഏകവഴി ഭീകരരെ അങ്ങോട്ടു ചെന്നു തുരത്തലാണ്. അവര്‍ നമ്മെത്തേടി വരാന്‍ കാത്തിരിക്കലല്ല’– പുടിന് പറഞ്ഞു.
മൂന്നു പ്രവിശ്യകളില്‍ റഷ്യയുടെ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതായി സിറിയന്‍ അധികൃതര്‍ അറിയിച്ചു. സിറിയന്‍ പ്രശ്നത്തിന്റെ പേരില്‍ റഷ്യയും യുഎസും യുഎന്നില്‍ കൊമ്പുകോര്‍ത്തതിനു പിന്നാലെയാണ് പുടിന്റെ നടപടി. സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനു പിന്തുണ നല്കുന്ന നിലപാടാണ് റഷ്യയുടേത്. അസദ് അധികാരമൊഴിഞ്ഞുള്ള രാഷ്ട്രീയമാറ്റമാണ് ഒബാമ ഭരണകൂടം മുന്നോട്ടുവയ്ക്കുന്നത്.
യുഎസ് സഖ്യസേനയുടെ വ്യോമാക്രമണം ഫലപ്രദമാകാത്ത സാഹചര്യത്തില്‍ റഷ്യയുടെ സൈനികസഹായം അസദ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടിയെന്നു റഷ്യ വിശദീകരിച്ചു. സഹായം ആവശ്യപ്പെട്ടതായി സിറിയയും സ്ഥിരീകരിച്ചു. ഇതേസമയം, സിറിയയിലെ ഹോംസ് മേഖലയിലാണ് റഷ്യന്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയതെന്നും ഇത് ഐഎസ് ഭീകരര്‍ കയ്യടക്കിയ മേഖലകളല്ലെന്നും യുഎസ് പറഞ്ഞു. ആക്രമണത്തിന് ഒരുമണിക്കൂര്‍ മുന്‍പാണ് റഷ്യ യുഎസിനെ വിവരമറിയിച്ചത്. കൂടുതല്‍ യുദ്ധവിമാനങ്ങള്‍ സിറിയയിലേക്കു പുറപ്പെട്ടതായും റഷ്യ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല