സ്വന്തം ലേഖകന്‍: ശമ്പള വര്‍ദ്ധനവിനായി മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ പെമ്പിള ഒരുമൈ സമരം ശ്രദ്ധേയമാകുന്നു. അതേസമയം ശമ്പള വര്‍ധനവിനായി മൂന്നാറില്‍ രാപ്പകല്‍ സമരം നടത്തുന്ന പെമ്പിള ഒരുമൈ പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറുണ്ടായത് സംഘര്‍ഷാവസ്ഥ സൃഷ്ടുച്ചിട്ടുണ്ട്. ഒരു സംഘം ട്രേഡ് യൂണിയന് പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയത്.
പെമ്പിള ഒരുമൈ പ്രവര്‍ത്തകരുടെ സമരത്തിനിടയിലേക്ക് യൂണിയന് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കല്ലേറിനെത്തുടര്‍ന്ന് പൊലീസ് ലാത്തി വീശി. നാലു മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരു പൊലീസുകാരനും, ഒരു സ്ത്രീ തൊഴിലാളിക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു.
സമരത്തിനിടയിലേക്ക് തള്ളിക്കയറാനുള്ള ട്രേഡ് യൂണിയന് പ്രവര്‍ത്തകരുടെ ശ്രമം പോലീസിന് വേണ്ട രീതിയില്‍ തടയാന്‍ കഴിഞ്ഞില്ല. പോലീസ് നിഷ്ക്രിയമായി നോക്കി നില്‍ക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മൂന്നാര്‍ ടൗണില്‍ ട്രേഡ് യൂണിയന് പ്രവര്‍ത്തകര്‍ ജാഥ നടത്തി സമര സ്ഥലത്ത് തിരിച്ചെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. അപ്പോഴൊന്നും പോലീസിന് ഇടപെടാന്‍ കഴിഞ്ഞില്ല.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വലിയൊരു പോലീസ് സംഘം തന്നെ സംഭവ സ്ഥലത്തെത്തിയിരുന്നു.
തോട്ടംമേഖലയിലെ കുറഞ്ഞ കൂലി 500 രൂപയാക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ ഉടമകള്‍ തയ്യാറാവാതെ വന്നതോടെയാണ് വിവിധ യൂണിയനുകളുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. എന്നാല്‍ തൊഴിലാളി യൂണിയനുകളുടെ സമരത്തില്‍ പങ്കെടുക്കാതെ പ്രത്യേകമായാണ് പെമ്പിള ഒരുമൈ സമരം നടത്തുന്നത്. ഇതാണ് ട്രേഡ് യൂണിയനുകളുടെ ചൊടിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല