സ്വന്തം ലേഖകന്‍: അമ്മയുടെ പ്രാര്‍ഥന, സിദ്ധാര്‍ഥ് ഭരതന് ജീവിതത്തിലേക്ക് നടന്നു തുടങ്ങി. വാഹനാപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. വെള്ളിയാഴ്ച സിദ്ധാര്‍ഥ് ആശുപത്രി വിടുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന സൂചന.
സിനിമാ പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും ആശ്വാസം പകരുന്നതാണ് സിദ്ധാര്‍ഥന്റെ മടങ്ങിവരവ്. ഇത്രവേഗം ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്ന് ആരും വിചാരിച്ചിരുന്നില്ല. ഡോക്ടര്‍മാരെ പോലും അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ തിരിച്ചുവരവ്. ആരോഗ്യനില സങ്കീര്‍ണമായി തുടരുന്നതിനിടയില്‍ ശസ്ത്രക്രിയ ഓഴിവാക്കാനായത് പെട്ടെന്നുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
മരുന്നുകള്‍ക്കൊപ്പം വേഗത്തില്‍ ഓര്‍മകളിലേക്ക് സിദ്ധാര്‍ത്ഥ് മടങ്ങിയെത്തുകയായിരുന്നു. നടക്കുന്നതിന് മാത്രമാണ് ഇപ്പോള്‍ ബുദ്ധിമുട്ടുള്ളത്. ഇനി വീട്ടിലിരുന്ന് ചികിത്സിക്കാം എന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. വേദന നിറഞ്ഞ ദിവസങ്ങളില്‍ പ്രാര്‍ത്ഥനയോടെ കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് അമ്മയും പ്രശസ്ത നടിയുമായ കെപിഎസി ലളിത പറഞ്ഞു.
സെപ്റ്റംബര്‍ 12 നാണ് സിദ്ധാര്‍ത്ഥിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നത്. അപകടത്തില്‍ തലച്ചോറിനും വലത് കാല്‍മുട്ടിനും നെഞ്ചിനും പരുക്കേറ്റിരുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല