സ്വന്തം ലേഖകന്‍: കുരുന്ന് ഈവ്ലിനെ ദുരന്തം കവര്‍ന്നത് വിവരിച്ച സെല്‍ജി വിങ്ങിപ്പൊട്ടി, ഒപ്പം കോടതിയും, ഏറ്റവും ദാരുണമായ സംഭവമെന്ന് ഇന്‍ക്വസ്റ്റിലും പരാമര്‍ശം. സെഹിയോണ്‍ യുകെ കണ്‍വെന്‍ഷനെത്തിയ കുടുംബത്തിലെ ഇളയ കുഞ്ഞ് സ്വന്തം പിതാവിന്റെ വാഹനം ഇടിച്ച് മരിച്ച സംഭവം യുകെ മലയാളികളെ ഒന്നാകെ കണ്ണീരിലാഴ്ത്തിയിരുന്നു.
നോട്ടിംഗ്ഹാം എഫ്എം അരീനയില്‍ ജുലൈയിലാണ് സംഭവം നടന്നത്. അഭിഷേകാഗ്നി കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ രണ്ടര വയസുകാരിയായ ഈവ്ലിന് സെല്‍ജി സ്വന്തം പിതാവിന്റെ കാര്‍ അബദ്ധത്തില്‍ ഇടിച്ച് മരിച്ചത് വിവരിച്ചപ്പോള്‍ ജീവിതത്തില്‍ കണ്ട ഏറ്റവും ദാരുണമായ സംഭവമാണിതെന്ന് കോറോണര്‍ മെയ്റിന്‍ കാസി പറഞ്ഞു.
ബൈബിള്‍ കണ്‍വെന്‍ഷനെത്തിയ കുടുംബത്തെ ഡ്രോപ് ചെയ്ത ശേഷം വാഹനം മുന്നോട്ടെടുക്കുമ്പോഴാണ് അപകടമുണ്ടായത്. ഭാര്യയെയും, മറ്റ് രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പമാണ് ഈവ്ലിന് എത്തിയത്. വാഹനം മുന്നോട്ടെടുക്കുമ്പോള്‍ കുഞ്ഞ് വാഹനത്തിന്റെ മുന്നിലേക്ക് കടന്നത് ആരും ശ്രദ്ധിച്ചില്ല. കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ടാണ് സെല്‍ജി വാഹനം നിര്‍ത്തിയത്. പുറത്തിറങ്ങി നോക്കുമ്പോള്‍ ആറടി അകലെ കുഞ്ഞ് തെറിച്ച് കിടക്കുകയായിരുന്നു.
ഉടന്‍ തന്നെ കണ്വെന്ഷനെത്തിയവരും ഡോക്ടറും സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നല്കി, പാരാമെഡിക്സിന്റെ സഹായത്തോടെ കുഞ്ഞിനെ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും ട്രൊമാറ്റിക് ബ്രെയിന്‍ ഇഞ്ചുറി മൂലം കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ഇന്‍ക്വസ്റ്റില്‍ പറയുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന നിസാന്‍ ഖ്വാഷ്കായ് പോലുള്ള വാഹനങ്ങളുടെ ഉയര്‍ന്ന ഡ്രൈവിംഗ് പൊസിഷനാണ് അപകടത്തിന് പ്രധാന കാരണമെന്ന് ക്രാഷ് ഇന്‍വെസ്റ്റിഗേറ്റര്‍ പിസി മാര്‍ക് ഗാസ്കോയിന്‍ കോടതിയില്‍ അറിയിച്ചു.
ഈവ്ലിന്റെ മരണകാരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് കോറോണര്‍ കോടതി ചേര്‍ന്നത്. ഇന്‍ക്വസ്റ്റും മറ്റു തെളിവുകളും പരിശോധിച്ച് കോറോണര്‍ കോടതി മരണം ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടതുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല