സ്വന്തം ലേഖകന്‍: കാമുകനോടൊപ്പം ഒളിച്ചോടാന്‍ കോട്ടയത്തെ വീട്ടമ്മ ഫേസ്ബുക്ക് സുഹൃത്തുക്കളില്‍ നിന്ന് അടിച്ചു മാറ്റിയത് വന്‍ തുക. പള്ളിക്കത്തോട് സ്വദേശിയായ ഒരു വീട്ടമ്മയാണ് ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് എന്നിവയിലൂടെ നിരവധി പേരെ പ്രണയതട്ടിപ്പിനും സാമ്പത്തിക തട്ടിപ്പിനും ഇരയാക്കിയത്.
കഴിഞ്ഞ 13നാണ് വീട്ടമ്മയെ കാണാതാകുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആറു ദിവസം കാത്തിരുന്നിട്ടും വീട്ടമ്മ മടങ്ങിയെത്താതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്കി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ കീഴിലുള്ള ഷാഡോ പൊലീസ് കേസ് അന്വേഷണം തുടങ്ങി. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
വീട്ടമ്മയുടെ കോള്‍ലിസ്റ്റ്, സന്ദേശങ്ങള്‍ എന്നിവ പരിശോധിച്ച പൊലീസ് അന്തംവിട്ടു. ഒരു നമ്പരിലേയ്ക്ക് അയച്ചതും തിരിച്ചയച്ചതുമായ സന്ദേശങ്ങള്‍ 390. കാണാതായത് മുതല്‍ ഇവര്‍ പല സിം കാര്‍ഡുകള്‍ ഉപയോഗിയ്ക്കുകയും ചെയ്തു.
ഒരു വ്യാജ ചിത്രമാണ് വീട്ടമ്മ തന്റെ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചത്. ഈ ചിത്രം കണ്ട് വലയില്‍ വീണവരാണ് യുവാക്കളിലേറെയും. എറണാകുളത്ത് വീട്ടമ്മയ്ക്കുണ്ടായിരുന്ന ഒരു എഫ്ബി സുഹൃത്തിനെ പൊലീസ് തന്ത്രപരമായി കണ്ടെത്തി. എന്നാല്‍ ഇയാള്‍ക്ക് വീട്ടമ്മയുടെ തിരോധാനവുമായി ബന്ധമില്ലെന്നും ഇയാളുടെ പണവും സ്ത്രീ തട്ടിയെടുത്തെന്ന് മനസിലായി.
കുളത്തൂപ്പുഴയിലെ ഒരു യുവാവിനെ കേന്ദ്രീകരിച്ചായി അന്വേഷണം. സൈബര്‍ സെല്ലും അന്വേഷണത്തില്‍ പൊലീസിനെ സഹായിച്ചു. കുളത്തൂപ്പുഴയിലെ യുവാവിനെ വിവാഹം കഴിയ്ക്കാനാണ് വീട്ടമ്മ നാട് വിട്ടതെന്നും മനസിലായി
തന്റെ അച്ഛന് സിവില്‍ എഞ്ചിനീയറാണെന്നും മറ്റൊരൈളെ വിവാഹം കഴിയ്ക്കാന്‍ നിര്‍ബന്ധിയ്ക്കുന്നുവെന്നും താന്‍ അതി സമ്പന്നയാണന്നും പറഞ്ഞാണ് വീട്ടമ്മ യുവാവിനെ വലയിലാക്കിയത്. ഒടുവില്‍ ഇവര്‍ വീട് വിട്ടെത്തിയതും കുളത്തൂപ്പുഴയിലേയ്ക്കായിരുന്നു.
സുന്ദരിയെ കാത്തിരുന്ന യുവാവിനും അമ്മയ്ക്കും മുന്നിലേയ്ക്ക് ഈ വീട്ടമ്മ എത്തിയതോടെ യുവാവിന്റെ അമ്മയുടെ ബോധം പോയി. ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയ യുവാവ് പിന്നീട് തിരിച്ച് വന്നില്ല. നാണക്കേട് ഭയന്ന് വീട്ടമ്മയെ ഒപ്പം താമസിപ്പിയ്ക്കുകയായിരുന്നു യുവാവിന്റെ അമ്മ.
പരിചയപ്പെട്ട യുവാക്കളില്‍ നിന്നും പണം തട്ടിയത് കുളത്തൂപ്പുഴ സ്വദേശിയെ വിവാഹം കഴിയ്ക്കാനാണെന്ന് വ്യക്തമായി. യുവതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഭര്‍ത്താവിനൊപ്പം വിട്ടയച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല