സ്വന്തം ലേഖകന്‍: വിവാദ പരസ്യചിത്രം, മഹേന്ദ്രസിങ് ധോനി കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം. ധോനി അഭിനയിച്ച പരസ്യത്തില്‍ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന കേസില്‍ നവംബര്‍ ഏഴിന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് ഉത്തരവ്.
ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലുള്ള അഡീഷണല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതി ജഡ്ജി ബൊജപ്പയാണ് ഇതിന് വീണ്ടും സമന്‍സ് പുറപ്പെടുവിച്ചത്. വിശ്വഹിന്ദു പരിഷത് ജില്ലാ വൈസ് പ്രസിഡന്റ് വൈ. ശ്യാം സുന്ദര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണിത്. പരസ്യത്തിലെ ധോനിയുടെ വേഷം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
ബിസിനസ്സ് ടുഡേ മാസികയുടെ ജൂണ്‍ മൂന്ന് ലക്കത്തിന്റെ കവര്‍പേജില്‍ മഹാവിഷ്ണുവേഷത്തില് വന്ന ധോനിയുടെ ചിത്രമാണ് കേസിന് കാരണം. രാജ്യത്തുടനീളം ധോനിക്കെതിരെ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെടുകയുണ്ടായി.
അനന്തപുര്‍ കോടതിയിലെ കേസില്‍ ധോനിക്കും മാസികയുടെ എഡിറ്റര്‍ ചൈതന്യ കല്ബാഗിനും നേരത്തെ സമന്‍സ് അയച്ചിരുന്നതാണ്.
പല കാരണങ്ങള്‍ പറഞ്ഞ് അവര്‍ ഹാജരാകാതിരുന്നു. ഹര്ജിക്കാരന് ഇപ്പോള്‍ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. ധോനിയും മാസികയുടെ എഡിറ്ററും മാപ്പുപറയണമെന്നാണ് ഹര്ജിക്കാരന് ആവശ്യപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല